തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സ് വിതരണം മുടങ്ങി. സംസ്ഥാനത്തെ വിവിധ മോട്ടോര്‍ വാഹന ഓഫീസുകളിലായി കെട്ടിക്കിടക്കുന്നത് രണ്ട് ലക്ഷത്തോളം അപേക്ഷകളാണ്. രാജ്യത്ത് ലൈസന്‍സ് വിതരണം ചെയ്യുന്നതിനായി ഏകീകൃത സോഫ്റ്റ്‌വേര്‍ സംവിധാനം വന്നതോടെയാണ് ലൈസന്‍സ് വിതരണം മുടങ്ങിയിരിക്കുന്നത്. നേരത്തേ ആര്‍ടി ഓഫീസുകളില്‍ത്തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്തുനല്‍കുന്ന സംവിധാനമായിരുന്നു. എന്നാല്‍ ഏകീകൃത സോഫ്റ്റ്‌വേര്‍ സംവിധാനം വന്നതോടെ ലൈസന്‍സ് വിതരണം താറുമാറായി.
ഈ വര്‍ഷം ജനുവരി മുതലാണ് ഏകീകൃത സോഫ്റ്റ്വേറായ ‘വാഹന്‍ സാരഥി’ നടപ്പാക്കി തുടങ്ങിയത്. മാര്‍ച്ച് മാസത്തോടെ എല്ലാ ആര്‍ടി ഓഫീസുകളും സബ് ആര്‍ടി ഓഫീസുകളും ‘വാഹന്‍ സാരഥി’യുടെ കീഴില്‍ കൊണ്ടുവന്നു. ഇതോടെയാണ് ആര്‍ടി ഓഫീസുകളില്‍ നിന്ന് ലൈസന്‍സ് പ്രിന്റ് ചെയ്തു നല്‍കുന്നത് നിര്‍ത്തിയത്. പകരം ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ രീതിയിലുള്ള ലൈസന്‍സുകള്‍ തിരുവനന്തപുരത്തുനിന്ന് പ്രിന്റ് ചെയ്ത് തപാല്‍ മാര്‍ഗം എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി ടെന്‍ഡര്‍ വിളിച്ച് ഒരു ഏജന്‍സിയെ പ്രിന്റിങ് ഏല്‍പ്പിക്കാനും ധാരണയായിരുന്നു.
എന്നാല്‍ മുമ്പ് ലൈസന്‍സ് പ്രിന്റിങ്ങിനായി ടെന്‍ഡറില്‍ പങ്കെടുത്ത് കിട്ടാതെപോയ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി ഇത്തവണ തങ്ങളെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നടപടികള്‍ സ്റ്റേ ചെയ്തു. ഇത് കാരണമാണ് ലൈസന്‍സ് വിതരണം താറുമാറായത്. സംസ്ഥാനത്തെ ഓരോ ആര്‍ടി ഓഫീസുകളിലും 3500 മുതല്‍ 5000 വരെ ലൈസന്‍സ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍, പ്രായോഗിക പരീക്ഷ പാസായി എന്ന രേഖ ലൈസന്‍സായി ഉപയോഗിക്കാനാണ് അപേക്ഷകരോട് നിര്‍ദേശിച്ചിട്ടുള്ളത്. അതേ സമയം ഏകീകൃത പ്രിന്റിങ് സംവിധാനം ശരിയാകുന്നതുവരെ പുതിയ രീതിയിലുള്ള ലൈസന്‍സുകള്‍ അതത് ആര്‍ടി ഓഫീസുകള്‍ മുഖാന്തരം പ്രിന്റ് ചെയ്ത് നല്‍കുമെന്നും ഇതിനായി സി-ഡിറ്റിന് നിര്‍ദേശവും നല്‍കി.