അന്തിക്കാട്: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിന്റെ പേരില്‍ സോഷ്യല്‍മീഡിയയുടെ പരിഹാസത്തിനിരയായ ഗര്‍ഭിണിയെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മക്കളുമെത്തി. ശ്രീലക്ഷ്മി എന്ന യുവതിയുടെ അന്തിക്കാട്ടെ വീട്ടിലെത്തിയാണ് രാധികയും മക്കളും ആശ്വസിപ്പിച്ചതും മധുരം കൈമാറിയതും.
രാധികയോടൊപ്പം മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവരാണ് ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട്ടിലെത്തിയത്. ശ്രീലക്ഷ്മിക്ക് മധുരം നല്‍കി ആശ്വസിപ്പിച്ച് വീട്ടില്‍ സമയം ചിലവഴിച്ചാണ് ഇവര്‍ മടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മണ്ഡല പര്യടനം ഉണ്ടെന്നറിഞ്ഞ ശ്രീലക്ഷ്മി ഭര്‍ത്താവ് വിവേകിനൊപ്പം സ്ഥാനാര്‍ത്ഥിയെ കാണാന്‍ വഴിയരികില്‍ കാത്തു നിന്നത്. സ്ഥാനാര്‍ത്ഥിയുടെ വാഹനം കടന്നു പോയപ്പോള്‍ ഗര്‍ഭിണിയാണെന്നൊന്നും ഓര്‍ക്കാതെ ശ്രീലക്ഷ്മി വാഹനത്തിന് പിന്നാലെ ഓടുകയും ഇതുകണ്ട സുരേഷ് ഗോപി വാഹനം നിര്‍ത്തി ശ്രീലക്ഷ്മിയോട് സംസാരിക്കുകയുമായിരുന്നു. പിന്നീട് ഇവരുടെ ആവശ്യപ്രകാരമാണ് ഗര്‍ഭിണിയെ വയറില്‍ തൊട്ട് അനുഗ്രഹിച്ചത്. ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഗര്‍ഭിണിയുടെ വയറില്‍ തൊടാന്‍ അന്യപുരുഷനായ ഒരാള്‍ക്ക് എന്ത് അവകാശം എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടേയും പ്രതികരണങ്ങള്‍. ഇത്തരത്തില്‍ പരിഹാസം ഉയര്‍ന്നത് ശ്രീലക്ഷ്മിക്ക് മനോവേദനയുണ്ടാക്കി.
ഇതോടെ സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബവുമായി ഫോണില്‍ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആശ്വാസത്തിനൊപ്പം മധുരവും നല്‍കി ശ്രീലക്ഷ്മിയെ കാണാന്‍ സുരേഷ് ഗോപിയുടെ കുടുംബം എത്തിയത്.