വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 2 നാള് മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികള്‍ അവസാനഘട്ട പ്രചാരണത്തിന് ഇറങ്ങുകയാണ്. അതിനിടെ ആയിരുന്നു സഹോദരന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക് എത്തിയത്. പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം ജനങ്ങളില്‍ ആവേശം ഉണര്‍ത്തി.
തന്റെ സഹോദരന് ഇനി മുതല്‍ നിങ്ങള്‍ക്കും സഹോദരനാണ് എന്ന് പറഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രസംഗം. അതേസമയം രാഹുലിന്റെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട കാര്യങ്ങളും പ്രിയങ്ക എടുത്തു പറഞ്ഞു.
രാഹുലിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകള്‍:
‘ഞാന്‍ ജനിച്ച ദിവസം മുതല്‍ എനിക്ക് അറിയാവുന്ന മനുഷ്യന്. ഇന്ന് നിങ്ങളുടെ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. കഴിഞ്ഞ പത്തുവര്‍ഷമായി ആ മനുഷ്യനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വളരെ വേദനിപ്പിക്കുന്നതാണ്. വ്യക്തിപരമായി അദ്ദേഹത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ചില കമന്റുകളും സജീവമാകുന്നു. പക്ഷേ പറയുന്നവര്‍ക്ക് അറിയില്ല അദ്ദേഹത്തെ കുറിച്ച്. ഞാനും രാഹുലുമായി രണ്ടുവയസിന്റെ വ്യത്യാസമുണ്ട്. എന്റെ ജീവിതത്തിലെ സങ്കടത്തിലും സന്തോഷത്തിലും അയാള്‍ക്ക് എനിക്കൊപ്പം എല്ലാക്കാലത്തും ഉണ്ടായിരുന്നു. ബാല്യകാലം മുതല്‍ എല്ലാ ദുരിതങ്ങളും സങ്കടങ്ങളും ഒരുമിച്ചാണ് നേരിട്ടത്. ഞങ്ങളെ അമ്മയെ പോലെ സ്നേഹിച്ച മുത്തശി ഇന്ദിരാ ജി കൊല്ലപ്പെടുമ്പോള്‍ രാഹുലിന് 14 വയസും എനിക്ക് 12 വയസുമാണ് പ്രായം. ആ ദുരന്തം ഞങ്ങള്‍ മറികടന്ന് അച്ഛനും അമ്മയും പകര്‍ന്നു തന്ന സ്നേഹത്തിലൂടെയാണ്. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങളുടെ അച്ഛനും കൊല്ലപ്പെട്ടു. ആകെ തകര്‍ന്നുപോയ നിമിഷം. അന്നും എന്റെ സഹോദരന് എന്നോട് പറഞ്ഞു. എനിക്ക് ആരോടും പകയില്ല..പ്രതികാരമില്ല..
പിന്നീട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച രാഹുല്‍ 2004ല്‍ മടങ്ങിയെത്തിയത് അമേഠിയില്‍ മല്‍സരിയ്ക്കാനാണ്. അന്നു മുതല്‍ ഇന്നുവരെ അദ്ദേഹത്തിന് ഒരു സ്വപ്നമേയുള്ളൂ.. അച്ഛന് ബാക്കി വച്ച കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം..ഒന്നുമാത്രം എടുത്തുപറയാം അദ്ദേഹം വിശ്വസിക്കുന്നത് സമത്വത്തിലാണ്..അസമത്വം അദ്ദേഹം ഒരിക്കലും ഉള്‍ക്കൊള്ളില്ല..’
Discussion about this post