പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ ശബരിമല പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കെ സുരേന്ദ്രന്‍ ബിജെപിയുടെ അല്ല, അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയാണെന്നാണ് അമിത് ഷാ പറഞ്ഞത്. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിനൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരേയും നിയോഗിച്ചെന്ന് അമിത് ഷാ പറഞ്ഞു. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധന്‍ പിള്ള, ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മുന്‍ ക്രിക്കറ്റ് താരവും ബിജെപി പ്രവര്‍ത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു. 7 നിയമസഭാ മണ്ഡലത്തില്‍ നിന്നും റോഡ്‌ഷോയില്‍ വന്‍തോതില്‍ പ്രവര്‍ത്തകരെ അണിനിരത്താന്‍ ബിജെപി നേതൃത്വത്തിന് ആയി.
അതേസമയം, തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പത്തനംതിട്ടയില്‍ എത്തിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ കാരണം അത് നടന്നിരുന്നില്ല. രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായി വിജയനുമടക്കം നിരവധി പ്രധാനപ്പെട്ട നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്ന് മുന്നണികളും സകല സംഘടനാശേഷിയും ഉപയോഗിച്ച് വന്‍ പ്രചാരണം സംഘടിപ്പിക്കുമ്പോള്‍ ശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയില്‍ നടക്കുന്നത്.