കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ആംആദ്മി കേന്ദ്ര നേതൃത്വം; കോണ്‍ഗ്രസിനെ പിന്തുണച്ച സിആര്‍ നീലകണ്ഠന് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി എല്‍ഡിഎഫിനെ പിന്തുണയ്ക്കും. ഡല്‍ഹിയില്‍ എഎപി നേതൃത്വവുമായി സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. പിന്തുണ നിരുപാധികമെന്ന് എഎപി-സിപിഎം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

അതെസമയം സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് സിആര്‍ നീലകണ്ഠന്‍ കോണ്‍ഗ്രസിന് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചത്. മലപ്പുറത്ത് എല്‍ഡിഎഫിനും 13 മണ്ഡലങ്ങളില്‍ യൂഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആംആദ്മി പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ കേരള ഘടകത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

കേന്ദ്ര നേതൃത്വത്തെയോ രാഷ്ട്രീയ കാര്യ സമിതിയെയോ അറിയിക്കാതെയാണ് സിആര്‍ നീലകണ്ഠന്‍ തീരുമാനം പ്രഖ്യാപിച്ചതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി പറഞ്ഞു.

Exit mobile version