വയനാട്: ബിജെപി സര്‍ക്കാര്‍ രാജ്യത്തെ വിഭജിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ മാനന്തവാടിയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കവേയായിരുന്നു പ്രിയങ്കയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്തത് ഇതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അഞ്ചുവര്‍ഷം മുമ്പ് വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ച് അധികാരത്തിലെത്തിയത്. രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ ഓരോ നിമിഷവും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോഡി സര്‍ക്കാര്‍ ചെയ്തത്. യുവാക്കളെയും കര്‍ഷകരെയും മോഡി വഞ്ചിച്ചു. രണ്ട് കോടി തൊഴില്‍ മോഡി വാഗ്ദാനം ചെയ്തു. എന്നാല്‍ തൊഴില്‍ നല്‍കിയതുമില്ല തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തു- പ്രിയങ്ക പറഞ്ഞു.
ഇന്ത്യ എന്തിന് വേണ്ടി നിലകൊള്ളുന്നോ അത് ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണ ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ലെന്ന് ആവര്‍ത്തിച്ച് തെളിയിച്ചു.ചില സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പ്രിയങ്ക ആരോപിച്ചു. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്കിയ വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റുമെന്നും പ്രിയങ്ക പറഞ്ഞു.
Discussion about this post