കോഴിക്കോട്: ആഢംബര ബൈക്കില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍. മാഹിയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മദ്യം കടത്തിയ ഇയാളെ എക്‌സൈസാണ് പിടികൂടിയത്. കേസില്‍ കോഴിക്കോട് മാവൂര്‍ സ്വദേശി രാഗേഷാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 46 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്നാണ് പിടികൂടിയത്.
വടകരയില്‍ ആഢംബര ബൈക്കില്‍ മദ്യക്കടത്ത് സജീവമാണെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഢംബര ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 46 കുപ്പി വിദേശ മദ്യം പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പോലീസും എക്‌സൈസും പരിശോധന കര്‍ശ്ശനമാക്കിയിട്ടുണ്ട്. ഇതാണ് മദ്യക്കടത്തുകാര്‍ക്ക് വിനയായത്. മാഹിയില്‍ നിന്ന് വടകരയിലേയ്ക്ക് നിരവധി ഇടവഴികളുണ്ട്. ഈ വഴികളിലൂടെയും മദ്യക്കടത്ത് വ്യാപകമാണെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാല്‍ ദേശീയപാത വഴി വരുന്നവരെ മാത്രമാണ് നിലവില്‍ പിടികൂടുന്നത്.
ആഢംബര ബൈക്കുകളില്‍ മദ്യം കടത്തിയതിന് നാല് ദിവസത്തിനിടെ പിടിയിലാകുന്ന മൂന്നാമത്തെ ആളാണ് രാഗേഷ്. ഏതാനും ആഴ്ച്ചകളായി പരിശോധന കര്‍ശനമാക്കിയതോടെ ട്രെയിനുകളിലൂടെയും ബസുകളിലൂടെയുമുള്ള മദ്യക്കടത്ത് പൂര്‍ണ്ണമായി നിലച്ചിരുന്നു. കൂടാതെ വോട്ടെടുപ്പ് അടുപ്പിച്ചുള്ള ദിനങ്ങളില്‍ ബിവറേജസുകള്‍ അവധിയിലായതിനാല്‍ മദ്യം കടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ചോദിക്കുന്ന പണം ലഭിക്കുമെന്നതിനാല്‍, ആഢംബര ബൈക്കുകളുമായി യുവാക്കളുടെ ചെറുകിട മദ്യക്കടത്ത് സംഘം വ്യാപകമായി ഇറങ്ങിയിരിക്കുകയാണ്.
Discussion about this post