തോണി തകര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണനും സംഘവും വെള്ളത്തില്‍; രക്ഷകരായത് നാട്ടുകാര്‍; കരയിലെത്തിയതോടെ പാലം നിര്‍മ്മിക്കാത്ത സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവും

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ സഞ്ചരിച്ച തോണി മരക്കുറ്റിയിലിടിച്ച് വെള്ളം കയറി

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ സഞ്ചരിച്ച തോണി മരക്കുറ്റിയിലിടിച്ച് വെള്ളം കയറി. ഭയന്നുപോയ കെഎസ് രാധാകൃഷ്ണനേയും പ്രവര്‍ത്തകരേയും നാട്ടുകാര്‍ മറ്റൊരു തോണിയെത്തിച്ച് ഒടുവില്‍ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. തോട്ടപ്പള്ളിയില്‍ പ്രചാരണം കഴിഞ്ഞു മടങ്ങവേയാണ് സ്ഥാനാര്‍ത്ഥിയും സംഘവും അപകടത്തില്‍പെട്ടത്.

കെഎസ് രാധാകൃഷ്ണനും സംഘവും സഞ്ചരിച്ച തോണി ഇല്ലിച്ചിറ ഭാഗത്തുവെച്ച് മരക്കുറ്റിയില്‍ ഇടിച്ച് തകരുകയായിരുന്നു. വെള്ളം കയറിയതോടെ തോണി താണു തുടങ്ങി. തുണിയും തടിക്കഷണവും ഉപയോഗിച്ച് പൊട്ടല്‍ അടച്ച് വള്ളം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ കൂകി വിളിച്ച് കുട്ടനാടന്‍ ശൈലിയില്‍ അപായ സൂചന നല്‍കി സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഇതിനിടെ, കൂവല്‍ കേട്ട് അപകടം മണത്ത നാട്ടുകാരനായ രാജേന്ദ്രന്‍ മറ്റൊരു തോണിയിലെത്തി സ്ഥാനാര്‍ത്ഥിയേയും ഒപ്പമുണ്ടായിരുന്നവരെയും രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. ഇല്ലിച്ചിറയില്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം മാറി വന്ന സര്‍ക്കാരുകള്‍ അവഗണിച്ചുവെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് പിന്നില്‍ ഇതാണെന്നും പിന്നീട് ബിജെപി നേതാക്കള്‍ ആരോപിച്ചു.

Exit mobile version