രാമനാട്ടുകര: നിര്‍ത്താതെയുള്ള കരച്ചില് കേട്ടാണ് നാട്ടുകാര്‍ കൂടിയത്. പോലീസ് എത്തി പൂട്ട് പൊളിച്ചതോടെയാണ് പത്ത് വയസിന് താഴെയുള്ള മൂന്ന് കുട്ടികളെ കണ്ട്. വീടിനുള്ളില്‍ കുട്ടികളെ പൂട്ടിയിട്ട് ഇതര സംസ്ഥാനക്കാരിയായ മാതാവ് പോവുകയായിരുന്നു. ഇവര്‍ പിന്നീട് തിരികെ വന്നില്ല. അഞ്ചും മൂന്നും, രണ്ടും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെയാണ് പൂട്ടിയിട്ട് ഇവര്‍ പോയത്.
കുട്ടികളുടെ കരച്ചില് കേട്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്ത് പോലീസ് പാഞ്ഞെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി മൂന്ന് കുട്ടികളേയും പുറത്തെത്തിച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. രാമനാട്ടുകര നിസരി ജംഗ്ഷനിലെ ഇരട്ട വാടക വീട്ടിലെ അയല്‍വാസിയാണ് വ്യാഴാഴ്ച അര്‍ധരാത്രി കുഞ്ഞുങ്ങളുടെ കരച്ചില് കേട്ടത്.
കുഞ്ഞുങ്ങളായതിനാല്‍ ഭക്ഷണവും വെളിച്ചവും ഇല്ലാതെ ഭയന്നു വിറച്ചാണ് അലമുറയിട്ട് കരഞ്ഞത്. കര്‍ണ്ണാടക സ്വദേശിനിയായ യുവതി മലയാളിയായ ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഒരാഴ്ച മുമ്പ് വീട്ടില്‍ നിന്നും പോയതാണ്. ഇതിനെ തുടര്‍ന്നാവാം യുവതിയും കുട്ടികളെ ഉപേക്ഷിച്ചു പോയതെന്നാണ് പോലീസിന്റെ നിഗമനം. യുവതി വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുട്ടികളെ വീട്ടിനകത്താക്കി വീട് പൂട്ടി പോയത്.
Discussion about this post