ചെങ്ങന്നൂര്‍: പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കീഴ്‌പ്പെടുത്തി കുടുംബത്തെ രക്ഷിച്ച് താരമായി ജൂലി. എന്നാല്‍ ഇപ്പോള്‍ ജൂലി മരണത്തിന്റെ പടിവാതിക്കലില്‍ എത്തി തിരിച്ചു വന്നിരിക്കുകയാണ്. വീട്ടുകാരെയും ഡോക്ടര്‍മാരെയും ഒരു പോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ജൂലി. മാന്നാര്‍ വിഷവര്‍ശേരിക്കര കുന്നുംപുറത്ത് പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ മണിയമ്മാള്‍, മക്കളായ കാര്‍ത്തിക, കീര്‍ത്തി, മരുമകന്‍ ശിവജിത്ത് എന്നിവര്‍ താമസിക്കുന്ന ചെന്നിത്തലയിലെ വാടകവീട്ടിലെ ആളാണ് ഏഴു വയസുകാരി ജര്‍മന്‍ ഷെപ്പേഡ് നായയായ ജൂലി.
15ന് രാത്രിയാണ് സംഭവം. ജൂലിയുടെ അസാധാരണമായ കുര കേട്ടിട്ടാണ് വീട്ടുകാര്‍ എണീറ്റത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെയും നോക്കി നില്‍ക്കുന്ന ജൂലിയെയുമാണ്. വീട്ടുകാര്‍ പുറത്തിറങ്ങിയതും ജൂലി പാമ്പിനെ കടിച്ചു കുടഞ്ഞു. മല്‍പിടുത്തം കഴിഞ്ഞ് കൂട്ടില്‍ പോയി കിടന്നു അവള്‍. പിറ്റേന്നു രാവിലെ കൂട്ടില്‍ ഛര്‍ദ്ദിച്ച് അവശയായി, മുഖത്ത് നീരു വച്ചു കിടന്ന ജൂലിയെ കണ്ടപ്പോഴാണ് പാമ്പുകടിയേറ്റ വിവരം വീട്ടുകാര്‍ അറിയുന്നത്.
ഉടന്‍ ചെങ്ങന്നൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലെത്തിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ ദീപു ഫിലിപ് മാത്യുവിന്റെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങി. അപ്പോഴാണ് അടുത്ത വെല്ലുവിളി. മൂര്‍ഖന്റെ വിഷത്തിനുള്ള ആന്റിവെനം കിട്ടാന്‍ പ്രയാസമാണെന്ന് അറിഞ്ഞത്. മനുഷ്യന് അത്യാവശ്യമുള്ളത് ആയതിനാല്‍ മൃഗങ്ങള്‍ക്കു നല്‍കരുതെന്ന സര്‍ക്കുലര്‍ പോലും നിലവിലുണ്ട്. ഏറെ പാടുപെട്ട് കോഴഞ്ചേരിയില്‍ നിന്നു 3 കുപ്പി ആന്റിവെനം സംഘടിപ്പിച്ചു. 10 മണിയോടെ കുത്തിവയ്‌പെടുത്തിട്ടും മാറ്റമൊന്നും കണ്ടില്ല. വൈകിട്ട് അഞ്ചരയോടെ അവള്‍ കണ്ണു തുറന്നപ്പോഴാണ് വീട്ടുകാര്‍ക്കും സമാധാനം ആയത്. 3 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ആരോഗ്യം വീണ്ടെടുത്തു. ഇനി ഗുളികകള്‍ മതി. തലച്ചോറിനെ ബാധിക്കുന്നതാണു മൂര്‍ഖന്റെ വിഷം. വിഷമിറങ്ങി ജീവന്‍ തിരികെ കിട്ടുന്നത് അപൂര്‍വമാണ്. ഇവയെല്ലാം അതിജീവിച്ചാണ് ജൂലി ജീവിതത്തിലേയ്ക്ക് തിരികെ വരുന്നത്.
Discussion about this post