കോഴിക്കോട്: മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന് ആരോപിച്ച് തനിക്കെതിരേ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഈ കേസില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അന്ന് താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അല്ലെങ്കില്‍ കേസ് കൊടുത്ത സിപിഎം മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി പൊതുജീവിതം അവസാനിപ്പിക്കണം. സിപിഎം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാവുമോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും താന്‍ പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. കൊല്ലപ്പെട്ടവരെ വിവസ്ത്രരാക്കിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
വിവസ്ത്രരാക്കിയുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിയുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ സാധിക്കും. ഭീകരവാദികളെ കുറിച്ച് പറയുമ്പോള്‍ അത് മുസ്ലീം വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും അത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നുമൊക്കെ പറയുന്നത് പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ വേണ്ടി മാത്രമാണെന്നും ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ കേസ് നിലനില്‍ക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിന് പിന്നില്‍ ഉദ്യോഗസ്ഥ-ഇടതുപക്ഷ ഗൂഢാലോചനയുണ്ട്. കള്ളക്കേസുകള്‍ ചുമത്തി തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. സംസ്ഥാന അധ്യക്ഷനായ ശേഷം ഇതുപോലെ രണ്ട് കള്ളക്കേസുകള്‍ തനിക്കെതിരേ ചുമത്തിയിട്ടുണ്ട്. അതിന്റെ അവസ്ഥ ഇപ്പോള്‍ എന്തായെന്ന് ചിന്തിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.