തിരുവനന്തപുരം: ചാരക്കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പി നാരായണന് തെറ്റുകാരന്‍ തന്നെയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചാരക്കേസ് വിവാദത്തില്‍ നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ തള്ളിയാണ് സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
കേസില്‍ സിബിഐ അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ലെന്നും ഐഎസ്ആര്‍ഒ ചാരക്കേസിലെ സത്യം പുറത്തുവരുമെന്ന് നമ്പി നാരായണന് അറിയാമെന്നും ‘എന്റെ പോലീസ് ജീവിതം’ എന്ന പുസ്തകത്തില്‍ അദ്ദേഹം ആരോപിക്കുന്നു. പീഡിതന്റെ കുപ്പായമിട്ടയാളാണ് നമ്പി നാരായണനെന്നും കേസില്‍ അദ്ദേഹത്തെ കുടുക്കുന്ന വിവിധ തെളിവുകള്‍ നിലവിലുണ്ടെന്നും സെന്‍കുമാര്‍ ആരോപിച്ചു.
നേരത്തെ നമ്പി നാരായണന് പദ്മ പുരസ്കാരങ്ങള്‍ നല്കിയപ്പോഴും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ജോലി ചെയ്ത മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരെയും സെന്‍കുമാര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
അതേസമയം, സെന്‍കുമാറിനെ വേദിയിലിരുത്തി നമ്പി നാരായണനെ കുറിച്ച് നരേന്ദ്രമോഡി നടത്തിയ അഭിപ്രായപ്രകടനം സെന്‍കുമാറിന്റെ മുഖത്തുള്ള അടിയാണെന്ന് സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചിരുന്നു. ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് സെന്‍കുമാര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാതിരുന്നതെന്നും കോടിയേരി പരിഹസിച്ചു.