തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ആചാരസംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്താന്‍ ആചാര്യ സംഗമത്തില്‍ തീരുമാനം. കോടതിക്കും സര്‍ക്കാരിനും ‘നല്ല ബുദ്ധി’യുണ്ടാകാനാണ് ക്ഷേത്രങ്ങളില്‍ 12 ദിവസം ഗണപതിഹോമം നടത്തുന്നതെന്ന് ഹൈന്ദവ ധര്‍മ ആചാര്യ സംഗമം വ്യക്തമാക്കി. ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഭരണകൂടം വിട്ടു നില്‍ക്കണമെന്നും എറണാകുളത്ത് ചേര്‍ന്ന ആചാര്യ സംഗമത്തിനുശേഷം തന്ത്രിസമാജം പ്രതിനിധികള്‍ പറഞ്ഞു.
ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവര്‍ ക്ഷേത്രാചാരങ്ങളില്‍ ഇടപെടുന്നത് അവയുടെ നാശത്തിനു കാരണമാകും. കോടതിവിധിയിലും അതേത്തുടര്‍ന്നുണ്ടായ നടപടികളിലും വിശ്വാസി സമൂഹം ആശങ്കയിലാണ്. ആചാരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വരസാന്നിധ്യത്തെക്കുറിച്ച് വിധിപറയാന്‍ കോടതികള്‍ക്കു കഴിയില്ല.
വിധി ശബരിമലയെ മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങള്‍ അനുഷ്ഠിച്ചുപോരുന്ന നാല്‍പ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. എന്‍എസ്എസ് മന്ദിരം ആക്രമിച്ച സമൂഹവിരുദ്ധരുടെപേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം സന്നിധാനത്ത് രക്തം വീഴ്ത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വറിന്റെ നിലപാടിനെ തന്ത്രിസമാജം തള്ളി. ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് വിശ്വാസികളാണെങ്കില്‍പ്പോലും അത് അനുവദിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post