കുട്ടനാട്: ഏഴാം ക്ലാസുകാരന്റെ ധീരതയില്‍ നിലയില്ലാ കയത്തില്‍ മുങ്ങിത്താണ അമ്മയ്ക്കും കുഞ്ഞിനും പുനര്‍ജന്മം. കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന്‍ അരുണ്‍ തോമസാണ്(12) മുങ്ങിത്താണ അമ്മയ്ക്കും മകള്‍ക്കും രക്ഷകനായത്. കൈനകരി ഒറ്റത്തെങ്ങില്‍ ഒപി സജിത്ത് കുമാറിന്റെ ഭാര്യ കൃഷ്ണപ്രിയ (ശ്രീകല-26), മകള്‍ അപര്‍ണിക (തുമ്പി – 3) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് കൈനകരി പള്ളിത്തോട്ടിലാണു സംഭവം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലേക്കു വരും വഴിയായിരുന്നു അപകടം. തോടിന്റെ സംരക്ഷണ ഭിത്തിയിലൂടെ നടന്നു വരുമ്പോള്‍ കാല്‍വഴുതി ഇരുവരും വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ 9 വയസ്സുകാരി അനുപ്രിയയുടെ കരച്ചില്‍ കേട്ടാണ് അരുണ്‍ സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയത്.
തോടിന്റെ മധ്യഭാഗത്തായി മുങ്ങിത്താണ ഇരുവരെയും കണ്ട അരുണ്‍ മറ്റൊന്നും ചിന്തിക്കാതെ വെള്ളത്തിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. കൊല്ലം സ്വദേശിയായ ശ്രീകലയയ്ക്കു നീന്തല്‍ വശമില്ലായിരുന്നു. ബോട്ട് പോകുന്ന തോട് ആയതിനാല്‍ കയത്തിന് ആഴവുമുണ്ടായിരുന്നു. കൂട്ടുകാരനെ കളിക്കാന്‍ വിളിക്കുന്നതിനായി പോകുന്നതിനിടെയാണ് കുട്ടിയുടെ കരച്ചില്‍ കേട്ടതെന്ന് അരുണ്‍ പറഞ്ഞു. കൈനകരി സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അരുണ്‍ സ്‌കൂളിലെ നീന്തല്‍ കോച്ചിങ് ക്യാംപില്‍ കഴിഞ്ഞവര്‍ഷം വരെ സജീവമായി പരിശീലനം നടത്തിയിരുന്നു. ബന്ധുവീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയ സജീവ് ഒടിയെത്തിയപ്പോഴേക്കും അരുണ്‍ ഇരുവരെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.
Discussion about this post