തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന് ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ പൊങ്കാല. താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
മലയാളികളുടെ മതേതര മനസ്സുകളില്‍ ബിജു മേനോന് ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്ന് ചിലര്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്യുന്നു. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ബിജു മേനോന്റെ സിനിമകള്‍ കാണുന്നത് തങ്ങള്‍ വേണ്ടെന്ന് വയ്ക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്.
എന്നാല്‍ ബിജു മേനോന് പിന്തുണയായെത്തുന്നവരും ഉണ്ട്. ഒരു സഹപ്രവര്ത്തകന് വേണ്ടി വോട്ടഭ്യര്ത്ഥിച്ചതില് തെറ്റെന്താണെന്ന് പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന് പൊതുവേദിയില്‍ എത്തിയത്.
തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം ബിജു മേനോനും പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശ്ശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.
Discussion about this post