കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബത്തിന് ഇനി സുരക്ഷിതമായി തലചായ്ക്കാം. എറണാകുളം എംഎല്‍എ ഹൈബി ഈഡന് നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി കൃപേഷിന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീട് ഇന്ന് കുടുംബത്തിന് കൈമാറും. വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുന്ന വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ഹൈബി ഈഡന്, കോണ്‍ഗ്രസ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താന്, ഹക്കിം കുന്നില്‍ എന്നിവര്‍ സംബന്ധിക്കും.
പെരിയയില്‍ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ നാടിനെ ഏറെ വിഷമിപ്പിച്ചത് കല്ല്യോട്ടെ കൃപേഷിന്റെ വീടായിരുന്നു. ഓലമേഞ്ഞ ഒറ്റമുറിവീടായിരുന്നു കൃപേഷിന്റേത്. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഈ വീട് പൊളിച്ച് ഉറപ്പുള്ള വീട് പണിയണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് കൃപേഷ് മടങ്ങിയത്. ഒടുവില്‍ ആ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്.
പഴയ വീടിനോട് ചേര്‍ന്ന് 1100 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ശുചിമുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
Discussion about this post