ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മൂന്നു പേരില്‍ ഒരാളാണ് ആലത്തൂരില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്ന ഡോക്ടര്‍ പികെ ബിജു. തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും ആറ്റിങ്ങല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സമ്പത്തും മാത്രമാണ് പികെ ബിജുവിന് ഒപ്പം ഡോക്ടറേറ്റുള്ള മറ്റു രണ്ടു പേര്.
എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയുള്ള ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മ്യൂസിക്കില്‍ ഡിഗ്രി ഉണ്ട് എന്ന് കോണ്‍ഗ്രസ്സ് നേതാക്കളും മാധ്യമങ്ങളും അച്ചു നിരത്തിയിരുന്നു. ഇപ്പോഴും അതാണ് പ്രചരിക്കുന്നത്. മ്യൂസിക്കില്‍ അവര്‍ക്ക് ഡിഗ്രിയില്ലെന്നും എസ്എസ്എല്‍സി അല്ലാതെ മറ്റു വിദ്യാഭ്യാസ യോഗ്യത ഒന്നും രമ്യ ഹരിദാസിന് ഇല്ല എന്ന് അറിയാമായിരുന്നിട്ടും ഇതുവരെയും അവരെ വിമര്‍ശിച്ചു കൊണ്ട് ഒരു വാക്കുപോലും പറയാതിരുന്ന രാഷ്ട്രീയ മാന്യത കൃത്യമായി സൂക്ഷിക്കുന്ന പികെ ബിജുവിനെ അഭിനന്ദിക്കാതെ വയ്യ.
എന്തുകൊണ്ട് എതിര് സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പ്രചാരണ വിഷയം ആക്കുന്നില്ല എന്ന ബിഗ് ന്യൂസ് ലൈവിന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയും തകര്‍പ്പനായിരുന്നു. ‘രാഷ്ട്രീയത്തില്‍ വിദ്യാഭ്യാസ യോഗ്യത ഒരു അടിസ്ഥാന യോഗ്യതയല്ല. എത്രയോ മഹാന്മാരായ നേതാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യത ഒന്നും ഉണ്ടായിട്ടല്ല ഇന്ത്യയുടേയും കേരളത്തിന്റെയും രാഷ്ട്രീയ നേതൃത്വം ആയതെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ‘എനിക്ക് എസ്എസ്എല്‍സിയെ ഉള്ളൂ എന്ന് തുറന്നു പറയാനുള്ള രാഷ്ട്രീയ സംശുദ്ധത, സത്യസന്ധത കാണിക്കാന്‍ എതിര് സ്ഥാനാര്‍ത്ഥി തയ്യാറാവാത്തത് തെറ്റല്ലേ എന്ന ബിഗ് ന്യൂസ് ലൈവിന്റെ ചോദ്യത്തില്‍ നിന്നും മറുപടി തരാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
പുതിയ കാലത്ത് വിദ്യാഭ്യാസത്തിന്റെ ഈ അന്തരം എടുത്തു കാണിച്ചാല്‍ അത് വോട്ടിങ്ങില്‍ അനുകൂലമാകും എന്ന് അറിഞ്ഞിട്ടും പികെ ബിജു അത് ചെയ്യുന്നില്ല എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നൈതികത തന്നെയാണ്. അവിടെയാണ് കണ്ണൂരില്‍ ശ്രീമതി ടീച്ചറെ പേരെടുത്തും അല്ലാതെയും എതിര് സ്ഥാനാര്‍ത്ഥിയായ കെ സുധാകരനും സംഘവും അവഹേളിക്കുന്നതും കേരളം കാണുന്നത്. സ്ത്രീയെ തെരഞ്ഞെടുത്തിട്ട് എന്തിനാ? പഠിപ്പിച്ചിട്ട് എന്തിനാ? എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കുന്ന കെ സുധാകരനെ പോലുള്ളവര്‍ പികെ ബിജുവിനെ കണ്ടു പഠിക്കട്ടെ എന്ന് മാത്രമേ ഞങ്ങള്‍ക്ക് പറയാന്‍ കഴിയൂ.
കാണാനില്ല എന്നും ഒന്നും ചെയ്തില്ല എന്നുമൊക്കെ എതിരാളികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും ന്യായമായും തിരിച്ചു ഉന്നയിക്കാന്‍ കഴിയുന്ന വിമര്‍ശനങ്ങള്‍ പികെ ബിജു ഉന്നയിക്കാത്തതില്‍ ഇടതു പക്ഷത്തിന്റെ തന്നെ പല പ്രവര്‍ത്തകര്‍ക്കും ആക്ഷേപം ഉണ്ട്.
സംസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച ബ്ലോക്ക് പഞ്ചായത്തില്‍ നൂറ്റി മുപ്പത്തി നാലാം സ്ഥാനത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ആയ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉള്ളത്. ഒരു ചെറിയ ഭൂപ്രദേശത്തിന്റെ പോലും വികസനം വിഭാവനം ചെയ്യാനോ നടപ്പിലാക്കാനോ കഴിയാത്ത രമ്യ എങ്ങനെയാണ് ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ വികസനം നടപ്പിലാക്കുക എന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചോദിക്കുന്നു
കുന്നമംഗലം ബ്ലോക്കില്‍ സര്‍ക്കാരില്‍ നിന്ന് അനുവദിച്ച പിന്നോക്ക ക്ഷേമ ഫണ്ട് ഉപയോഗിക്കാതെ ലാപ്സ് ആയ ആക്ഷേപവും ഇടതു നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലും എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചോ, ഭരണ നൈപുണ്യത്തിന്റെ കുറവിനെ കുറിച്ചോ ഒരക്ഷരം പോലും വിമര്‍ശനമുന്നയിക്കാത്ത പികെ ബിജു എന്ന വ്യക്തിയുടെ രാഷ്ട്രീയ മാന്യത അംഗീകരിക്കേണ്ടത് തന്നെയാണ്.
Discussion about this post