തിരുവനന്തപുരം: മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസ്. ആറ്റിങ്ങല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കേസ് എടുത്തത്. സിപിഎം നേതാവ് വി ശിവന്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ ഒക്കെ ഉണ്ടല്ലോ, ചിലരുടെ ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരന്‍ പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ആയിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.
ശ്രീധരന്‍ പിള്ളക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ശ്രീധരന്‍ പിള്ള നടത്തിയതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിട്ടേണിംഗ് ഓഫീസറുടെ അനുമതി വാങ്ങാതെയാണ് ഈ പരിപാടി നടത്തിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്.
വര്‍ഗ്ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ബുധനാഴ്ച സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
Discussion about this post