തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി അനുസരിച്ച് പത്രങ്ങളില്‍ പരസ്യം നല്കാന് ആരംഭിച്ചു. വയനാട്ടിലെ സ്ഥാനാര്‍ത്ഥികളായ രാഹുല്‍ ഗാന്ധിയും തുഷാര്‍ വെള്ളാപ്പള്ളിയും കേസ് സംബന്ധിച്ച വിവരങ്ങള്‍ പത്ര പരസ്യം നല്കി.
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകളാണ് ഉള്ളത്. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഇതില്‍ അഞ്ച് കേസുകളും. ഇതില്‍ രണ്ട് കേസുകള്‍ തീര്‍പ്പ് കല്പ്പിച്ചു. വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആറ് കേസുകളാണ് ഉള്ളത്. ആറ് കേസുകളിലും നിലവില്‍ അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കേസുള്ള സ്ഥാനാര്‍ത്ഥികളിലൊരാള്‍ കെ സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രന് പരസ്യപ്പെടുത്തിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും പത്ര, ദൃശ്യ മാധ്യമത്തില്‍ പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവിട്ടത്.
Discussion about this post