പൊന്നാനി: പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന പൊന്നാനി മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം ലീഗ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. നിലവില്‍ നിലമ്പൂര്‍ എംഎല്‍എ കൂടിയായ, പിവി അന്‍വര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തികഞ്ഞ ആത്മവിശ്വാസമുള്ളതു കൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയത് എന്നതാണ് ലീഗ് കേന്ദ്രങ്ങളെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ കുത്തക മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന നിലമ്പൂരില്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച് അന്‍വര്‍ വിജയക്കൊടി പാറിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഗോദയില്‍ വോട്ട് പിടിക്കുവാന്‍ പിവി അന്‍വര്‍ പ്രത്യേക കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിയാണ് എന്നതും ലീഗ് നേതാക്കളുടെ ഉറക്കം കെടുത്തുന്നു. പാരമ്പര്യമായി കോണ്‍ഗ്രസ് രാഷ്ട്രീയ കുടുംബം ആയിരുന്ന പിവി അന്‍വര്‍ നേരത്തെ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ നേതാവായിരുന്നു. കെ കരുണാകരനും മുരളീധരനും കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതോടെയാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നത്. ഡിഐസി പിരിച്ചുവിട്ട് മുരളീധരനും സംഘവും കോണ്‍ഗ്രസിലേക്ക് തിരികെപോയപ്പോള് പോകാതിരുന്ന അന്‍വര്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും യുഡിഎഫിനോടും എല്‍ഡിഎഫിനോടും എന്‍ഡിഎയോടും ഒരുപോലെ എതിര്‍ത്ത് ഒറ്റയ്ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വോട്ടുകള്‍ പിടിച്ച ചരിത്രമുള്ള വ്യക്തിയാണ് പിവി അന്‍വര്‍.
പൊന്നാനി മണ്ഡലത്തില്‍ അന്‍വറിന് കോണ്‍ഗ്രസ് കുടുംബങ്ങളില്‍ ആഴത്തില്‍ ബന്ധവുമുണ്ട്. പ്രളയ സമയത്ത് എംപി ആയിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തെ തിരിഞ്ഞു നോക്കിയില്ല എന്നതും മുത്തലാക്ക് വിഷയത്തില്‍ വോട്ട് ചെയ്യാതിരുന്ന ലീഗ് നേതാക്കളോടുള്ള ജനങ്ങളുടെ പ്രതിഷേധവും, ഇടിയുടെ മകനെതിരെ ഉയരുന്ന സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട പ്രശനങ്ങളും, ലീഗ് സ്ഥാനാര്‍ത്ഥിയ്ക്ക് പറയത്തക്ക വികസന പ്രവര്‍ത്തങ്ങള്‍ ഒന്നും ഉയര്‍ത്തി കാണിക്കാന്‍ ഇല്ലാത്തതും ലീഗിന് തലവേദന സൃഷ്ടിക്കുകയാണ്. ലീഗ് അണികളുടെ അടക്കം വലിയ പ്രതിഷേധം വിളിച്ചു വരുത്തിയ ഒന്നായിരുന്നു എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതൃതവം നടത്തിയ രഹസ്യ ചര്‍ച്ച.
ലീഗ്-യുഡിഎഫ് കേന്ദ്രങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത ആശങ്കയുടെ മുള്‍മുനയില്‍ ആണെന്ന് തെളിയിക്കുന്നതിന്റെ തെളിവാണ് പിവി അന്‍വറിന്റെ പേരില്‍ അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പിവി അന്‍വറിന്റെ ചിഹ്നമായ കത്രികക്ക് പകരം മറ്റു ചിഹ്നങ്ങള്‍ പ്രചരിപ്പിച്ചതെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. ‘പിവി അന്‍വര്‍ പുത്തന്‍വീട്ടില്‍’ എന്ന പ്രചാരണം ശക്തമാക്കാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ച ഘടകം ഇതാണെന്നും നേതാക്കള്‍ പറയുന്നു.
പൊന്നാനി ലോകസഭാ മണ്ഡലത്തിലെ ഇതുവരെയുള്ള വിജയ ചരിത്രം യുഡിഎഫിന് അനുകൂലമാണെന്ന് ലീഗ് ആശ്വസിക്കുമ്പോഴും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെ 25,000ത്തോളം വോട്ടുകളുടെ ഭൂരപക്ഷം മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ പൊന്നാനി ലോക്സഭാ പരിധിയില്‍ 1000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ഉള്ളത്. അതില്‍ തന്നെ തൃത്താല മണ്ഡലം രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണ്. വിടി ബല്‍റാം ആയതു കൊണ്ട് മാത്രമാണ് അവിടെ കഴഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായത്. അത് ഇ ടി ക്ക് കിട്ടുമെന്ന് കണക്കാക്കാന്‍ കഴിയില്ല. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പൊന്നാനിയിലും തവന്നൂരും താനൂരും തൃത്താലയിലും എല്‍ഡിഎഫ് ഭൂരിപക്ഷം പിടിക്കുന്ന മണ്ഡലങ്ങളാണ്. കണക്കുകളുടെ കളികളിലും പിവി അന്‍വറിന്റെ കോണ്‍ഗ്രസ്സ് വോട്ടുകളും നിക്ഷ്പക്ഷ വോട്ടുകള്‍ പിടിക്കാനുള്ള പ്രത്യേക കഴിവും വിലയിരുത്തിയാല്‍ അന്‍വറിന്റെ ഈ പ്രഖ്യാപനത്തെ പേടിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ലീഗ് നേതൃത്വം കരുതുന്നത്.
പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പിവി അന്‍വറിന്റെ പ്രഖ്യാപനം. ‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്സ്ആപ്പ് മെസേജുകള്‍ വരുന്നത് ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും മാത്രമല്ല വലതുപക്ഷത്ത് നിന്നും നമ്മളെ പിന്തുണക്കുന്ന ആയിരക്കണക്കിന് വാട്സ്ആപ്പ് മെസേജുകള്‍ ഓരോ ദിവസവും എന്റെ പേഴ്സണല്‍ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളാരും ഒന്നും ഭയക്കേണ്ടതില്ല. അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തെ പിന്തുണക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ഇതായിരുന്നു പിവി അന്‍വറിന്റെ പൊന്നാനിയിലെ പ്രസംഗത്തിലെ ചുരുക്കം.
1962ല്‍ ഇകെ ഇമ്പിച്ചിബാവ, 67ല്‍ സികെ ചക്രപാണി, 71ല്‍ എംകെ കൃഷ്ണന് എന്നിവര്‍ മാത്രമാണ് ഇതുവരെ പൊന്നാനി മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുള്ള ഇടതുനേതാക്കള്‍. കഴിഞ്ഞ പത്തുവര്‍ഷമായി ഇടി മുഹമ്മദ് ബഷീറാണ് മണ്ഡലത്തിലെ പ്രതിനിധി. പൊതുവില്‍ യുഡിഎഫിന് അനുകൂലമായ സര്‍വ്വേ ഫലങ്ങളില്‍ പോലും പൊന്നാനിയില്‍ പൊരിഞ്ഞ പോരാട്ടം ആണെന്ന വിലയിരുത്തലും ലീഗ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
Discussion about this post