കല്പറ്റ: വയനാടിനൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. വ്യത്യസ്ത ആശയങ്ങളും സംസ്കാരങ്ങളുമുള്ള നാടാണ് വയനാടെന്നും, എങ്ങനെയാണ് ഒരു സമൂഹം ജീവിക്കേണ്ടത് എന്നതിന് മാതൃകയാണ് ഇവിടമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വയനാടാണ് അതിന് ഏറ്റവും ഉത്തമമായ മണ്ഡലമെന്ന് താന്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ വരികയും, മത്സരിക്കുകയും ചെയ്യുന്നത് തനിക്കു ലഭിക്കുന്ന ആദരമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയും പ്രധാനമാണെന്നും നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകങ്ങള്‍ വായിച്ചോ ചരിത്രമറിഞ്ഞോ നിങ്ങളെ അറിയാനല്ല, നിങ്ങളോട് സംസാരിച്ച് നിങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സുല്‍ത്താന്‍ ബത്തേരിയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.
Discussion about this post