എറണാകുളം: കഴിഞ്ഞദിവസം അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് റോഡ് മാര്‍ഗ്ഗം എറണാകുളത്ത് എത്തിച്ച പതിനഞ്ച് ദിവസം മാത്രം പ്രായമായ പിഞ്ചു പൈതലിനായി കേരളക്കര ഒന്നാകെ കൈകള്‍ കോര്‍ത്തിരുന്നു. ജനജാഗ്രതയെ തുടര്‍ന്ന് ബ്ലോക്കുകളിലൊന്നും പെടാതെ അഞ്ചര മണിക്കൂര്‍ കൊണ്ടാണ് കുഞ്ഞിനെ മംഗലാപുരത്ത് നിന്നും അമൃത ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ ദൗത്യത്തില്‍ ഒത്തുചേര്‍ന്ന ജനങ്ങളേയും കുഞ്ഞിനേയും അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട് സംഘപരിവാര്‍ പ്രവര്ത്തകന് ബിനില്‍ സോമസുന്ദരം വിവാദത്തിന് തിരികൊളുത്തിയിരുന്നു. ശബരിമല ആചാരസംരക്ഷണ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ബിനില്‍. കുഞ്ഞിനെ ജിഹാദി വിത്തെന്ന് ആക്ഷേപിച്ച് സോഷ്യല്‍മീഡിയയുടെ അടക്കം പ്രതിഷേധം വാങ്ങിക്കൂട്ടിയ ബിനില്‍ സോമസുന്ദരത്തിന്റെ പുതിയ വിശദീകരണം പുറത്ത്.
പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ കുടിച്ച് ഫിറ്റായിരുന്നെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് ഇയാളുടെ വിശദീകരണം. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണ പോസ്റ്റിന് താഴേയാണ് ഇയാളുടെ കമന്റ് വിശദീകരണമായി നല്‍കിയിരിക്കുന്നത്.
വൈകാതെ ഈ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. നേരത്തെ വര്‍ഗീയ പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ വിവാദ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വിശദീകരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുക്കണമെന്ന് സോഷ്യല്‍മീഡിയയില്‍ ആവശ്യവും ശക്തമാണ്. ‘ജിഹാദിയുടെ വിത്ത്’ എന്ന് കുഞ്ഞിനെ വിളിച്ചാണ് ബിനില്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയത്. കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പേര് പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ പോസ്റ്റ്. ശബരിമല ആചാരസംരക്ഷണ യജ്ഞത്തിന് താന്‍ ശബരിമലയില്‍ പോയിരുന്നു എന്ന് പറഞ്ഞുകൊണ്ട് ബിനില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇയാളുടെ പ്രൊഫൈലില്‍ കാണാം. എറണാകുളം കോതമംഗലത്തുള്ള കടവൂരാണ് ഇയാളുടെ സ്വദേശം എന്ന് ഫേസ്ബുക്ക് പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് KL 60 J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കാസര്‍കോട് സ്വദേശികളായ സാനിയ- മിത്താഹ് ദമ്പതികളുടെ പതിനഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഹസ്സന് ദേളി എന്ന ആംബുലന്‍സ് ഡ്രൈവര്‍ യാത്ര പുറപ്പെട്ടത്. പിന്നീട് ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഇടപെടലിനെ തുടര്‍ന്ന് ശ്രീചിത്രയ്ക്ക് പകരം കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കൊച്ചിയിലെത്തിച്ചത്.
Discussion about this post