ശബരിമല: പത്തനംതിട്ട ളാഹ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പന്തളം സ്വദേശി ശിവദാസന്‍ ആചാരിയുടെ മരണകാരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നും,മുഖം ഉള്‍പ്പെടെ പലഭാഗങ്ങളും ജീര്‍ണ്ണിച്ച നിലയിലായിരുന്നു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശിവദാസന്‍ ആചാരിയുടെ ഉള്ളില്‍ വിഷം ചെന്നിട്ടില്ല. തുടയെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഇതിലൂടെയുള്ള രക്തസ്രാവമാണ് മരണത്തിന് കാരണം. ആന്തരികാവയവങ്ങള്‍ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. ഉയരത്തില്‍ നിന്ന് വീണോ അപകടത്തിലോ തുടയെല്ല് പൊട്ടിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം.
ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പ്രതിഷേധത്തിനിടെ പോലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് സംഘപരിവാര്‍ അനുകൂലികള്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശിവദാസനെ ബലിദാനിയാക്കി ചിത്രീകരിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, സംഘപരിവാര്‍ നടത്തുന്നത് വ്യാജപ്രചരണമാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post