തിരുനെല്ലി: വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. അച്ഛന് രാഹുല്‍ ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് രാഹുല്‍ മടങ്ങിയത്. രാജീവ് ഗാന്ധിയുടേയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടേയും പേരില്‍ ആണ് തര്‍പ്പണ ചടങ്ങുകള്‍ നടത്തിയതെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.
കനത്ത സുരക്ഷിയിലായിരുന്നു രാഹുലിന്റെ ക്ഷേത്ര ദര്‍ശനം. 12 മണി വരെ ക്ഷേത്രത്തിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ചുരുക്കം ആളുകള്‍ മാത്രമാണ് രാഹുലിനൊപ്പം പാപനാശത്തെത്തിയത്.
തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ അറിയിച്ചിരുന്നു. പിതൃതര്‍പ്പണ ചടങ്ങുകള്‍ തീര്‍ത്തും സ്വകാര്യമായ ചടങ്ങായി തന്നെ നടത്തണമെന്ന നിര്‍ബന്ധവും രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നു. ദേശീയ വാര്‍ത്ത ഏജന്‍സികള്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചത് .
1991 ല്‍ പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം കെ കരുണാകരനാണ് തിരുനെല്ലിയില്‍ ഒഴുക്കിയത്. ക്ഷേത്രത്തില്‍ നിന്ന് എഴുനൂറ് മീറ്റര്‍ ദൂരെയാണ് പാപനാശിനി തീരം. അവിടേക്ക് നടന്നാണ് രാഹുല്‍ എത്തിയത്. ഇഎന്‍ കൃഷ്ണന് നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് .
പാപനാശത്തില്‍ നിന്നും രാഹുല്‍ നേരെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും. സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിന്റെ ആദ്യ പ്രചാരണം.
Discussion about this post