തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ആംബുലന്‍സില്‍ ഹൃദയ ശാസ്ത്രക്രിയയ്ക്കായി 15 ദിവസം പ്രായമായ കുഞ്ഞിനെ മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തെ ശ്രീചിത്തിരയില്‍ കൊണ്ടുപോകാന്‍ വേണ്ടി, മറ്റ് വാഹനങ്ങളുടെ വേഗത കുറച്ചും മറ്റുമാണ് ഗതാഗത സൗകര്യമൊരുക്കിയത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഇടപെടല്‍ മൂലം കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് നാലരയോടെ ആംബുലന്‍സ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ അവയവമാറ്റ ശാസ്ത്രക്രിയകള്‍ക്ക് അവയവങ്ങള്‍ കൊണ്ടുപോകുമ്പോഴും അത്യസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുമ്പോഴും തിരക്കേറിയ റോഡിലൂടെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുക എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തിലാണ് എയര്‍ ആംബുലന്‍സിന്റെ ആവശ്യം വരുന്നത്.
ഇന്നലത്തെ സംഭവത്തോടെ എയര്‍ ആംബുലന്‍സ് എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായി. അതോടൊപ്പം എന്തുകൊണ്ട് നമുക്ക് എയര്‍ ആംബുലന്‍സ് ഇല്ല എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അടിയന്തര വൈദ്യസഹായത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍ ആംബുലന്‍സ് പദ്ധതി ആരംഭിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും കഴിഞ്ഞതാണ്.
സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയും രാജിവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുമായി ചേര്‍ന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കരാര്‍ ഉണ്ടാക്കിയത്. 2014ല്‍ ഏഴു കോടി രൂപയ്ക്ക് എട്ടു സീറ്റുള്ള വിമാനം വാങ്ങിയത് എയര്‍ ആംബുലന്‍സിനായി ഉപയോഗിക്കാന്‍ ആയിരുന്നു ധാരണ.
എന്നാല്‍ മണിക്കൂറിന് 40,000 രൂപയാണ് എയര്‍ ആംബുലന്‍സായി വിമാനം ഉപയോഗിക്കുന്നതിന് രാജിവ് ഗാന്ധി അക്കാദമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതേസമയം അക്കാദമിയുടെ ഇരട്ട എന്‍ജിന്‍ പൈപ്പര്‍ സൈനിക വിമാനം പറത്താന്‍ പൈലറ്റിനെ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. വിദേശ പൈലറ്റുമാരെ ഇതിനായി എത്തിക്കണമെങ്കില്‍ വന്‍ തുക വേണ്ടിവരും.
അതിനാല്‍ സ്വകാര്യ വിമാനങ്ങളെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മണിക്കൂറിനു രണ്ടുലക്ഷം രൂപയും പ്രതിമാസം 40 മണിക്കൂര്‍ പറത്താമെന്ന ഉറപ്പുമായിരുന്നു അവര്‍ സര്‍ക്കാരിനോട് ചോദിച്ചത്. അതേസമയം അവയവമാറ്റ ശാസ്ത്രക്രിയ പോലുള്ള സംഭവങ്ങള്‍ അപൂര്‍വമായി മാത്രമേ നടക്കുകയുള്ളു. അതിനാല്‍, ഇത്രയും വലിയ തുകയ്ക്ക് ഇങ്ങനൊരു കരാര്‍ വലിയൊരു സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നും, ആ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നും ധനവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതോടെ ആ പദ്ധതി പൊളിഞ്ഞു.
അവയവമാറ്റ ശാസ്ത്രക്രിയകള്‍ ഇന്ന് അപൂര്‍വമായി നടക്കുന്ന സംഭവമല്ല. മാത്രമല്ല അത്യസന്ന നിലയിലെ രോഗികളെ കൊണ്ടുപോകാനും എയര്‍ ആംബുലന്‍സ് അത്യവശ്യമാണ്.