ചെന്നലോട് (വയനാട്): പുതു തലമുറ മറന്നു പോയ ഒന്നാണ് കത്തുകള്‍. നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പോസ്റ്റ് ഓഫിസുകളും കത്തുകളും പിന്‍നിരയിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ ലോകത്തിന്റെ പല കോണിലുള്ളവരുമായി ഇപ്പോഴും കത്തിടപാടിലൂടെ ബന്ധം കാത്തുസൂക്ഷിക്കുകയാണ് തോമസ് അബ്രഹാം എന്ന സിവില്‍ എന്‍ജിനീയര്‍.
10ാം ക്ലാസ് പഠനശേഷം സെമിനാരിയില്‍ ചേര്‍ന്നതോടെയാണ് തോമസ് കത്തെഴുതാന്‍ ആരംഭിച്ചത്. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം നിരന്തരം കത്തെഴുതി. പിന്നീട് സെമിനാരി വിട്ടപ്പോഴും ഇത് തുടര്‍ന്നു. പിന്നീടാണ് കത്തെഴുതുന്ന വിനോദമായ ‘പോസ്റ്റ് ക്രോസിങ്ങി’നെക്കുറിച്ച് തോമസ് അറിയുന്നത്. അങ്ങനെയാണ് മറ്റു രാജ്യങ്ങളിലുള്ള സുഹൃത്തുക്കള്‍ വഴിയും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മുഖേനയും കത്ത് ശേഖരണം തോമസ് ആരംഭിച്ചത്. ഇപ്പോള്‍ പല രാജ്യങ്ങളില്‍ നിന്നുമുള്ള കത്തുകള്‍ ശേഖരിക്കുന്ന ചുരുക്കം ചിലരിലൊരാളായി മാറിയിട്ടുണ്ട് തോമസ്.
ഇപ്പോള്‍ തോമസിന്റെ കൈവശം 58 രാജ്യങ്ങളില്‍നിന്നുള്ള കത്തുകള്‍ ഉണ്ട്. ഈജിപ്ത്, സുഡാന്‍, മോണാക്കോ, മാള്‍ട്ട, വത്തിക്കാന്‍, റഷ്യ, ജര്‍മനി തുടങ്ങി പല രാജ്യങ്ങളില്‍നിന്നും കത്തുകള്‍ ചെന്നലോട് മൃഗാശുപത്രിക്ക് സമീപമുള്ള വാളായില്‍ തോമസിന്റെ വീട് തേടിയെത്തുന്നു. കത്ത് ശേഖരിക്കുന്നതിനൊപ്പം സ്റ്റാമ്പ് ശേഖരണവും നടക്കുമെന്ന പ്രത്യേകത പോസ്റ്റ് ക്രോസിങ്ങിനുണ്ട്.
നിരന്തരം സഞ്ചരിക്കുന്ന തോമസ് പുതിയ സ്ഥലത്തെത്തുമ്പോള്‍ അവിടെനിന്നുള്ള പോസ്റ്റ് കാര്‍ഡുകളും ശേഖരിക്കും. സഞ്ചാരവും പ്രകൃതിസ്‌നേഹവും കൂടെക്കൊണ്ടു നടക്കുന്ന ഈ തോമസിന്റെ വിശാലമായ സുഹൃദ്‌വലയം കത്തുകള്‍ വഴിയുള്ള ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കി. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരോടും യാത്ര പോകുന്നവരോടും അവിടെനിന്ന് കത്തയക്കാന്‍ ആവശ്യപ്പെടും. അങ്ങനെയാണ് തോമസ് കത്തുകള്‍ ശേഖരിക്കുന്നത്.
എന്നാല്‍ കത്തിടപാടുകള്‍ നല്ല സാമ്പത്തിക ചെലവുള്ളതാണെന്ന് തോമസ് പറയുന്നു. ഓരോ രാജ്യത്തേക്കും അയക്കാന്‍ നൂറും ഇരുനൂറും രൂപയുടെ സ്റ്റാമ്പ് വേണ്ടിവരും. എങ്കിലും കത്തുവഴിയുള്ള ബന്ധത്തിന്റെ ദൃഢത മറ്റൊരു മാധ്യമത്തിനും നല്‍കാന്‍ കഴിയാത്തതിനാല്‍ സാമ്പത്തിക ബാധ്യത നോക്കാതെ മുന്നോട്ടുപോവുകയാണന്ന് തോമസ് അബ്രഹാം പറഞ്ഞു.
Discussion about this post