മംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് പ്രവാസികളും കാണുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം നാട്ടിലെത്താനൊരുങ്ങുന്ന പലരും വോട്ടെടുപ്പിന് എത്താനാവുന്ന വിധത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്.
ഇങ്ങനെ തിരഞ്ഞെടുപ്പ് ആവേശം മൂത്ത് ടിക്കറ്റെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മസ്‌കറ്റില്‍ ജോലി ചെയ്യുന്ന മാംഗളൂരു സ്വദേശിയായ ജോല്‍സന്‍ ലാബു (29) എന്നയാളാണ് വെട്ടിലായത്.
എയര്‍ ഇന്ത്യയില്‍ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചു, കൂടാതെ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് പരസ്യപിന്തുണയും വീഡിയോയിലൂടെ പ്രഖ്യാപിച്ചു. ഇതോടെ വീഡിയോയില്‍ നിന്നും ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ മനസിലാക്കിയ ഒരു വിരുതന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഈ ടിക്കറ്റ് റദ്ദാക്കി.
മാര്‍ച്ച് 29നാണ് ജോല്‍സന്‍ വീഡിയോ പോസ്റ്റ് ചെയ്ത്. ഏപ്രില്‍ ഒന്നിനാണ് ലാബുവിന് ചതി മനസിലാകുന്നത്. 21,045 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 9,000 രൂപ മാത്രമാണ് കമ്പനി ഇയാള്‍ക്ക് തിരികെ നല്‍കിയത്. ടിക്കറ്റ് റദ്ദാക്കിയത് അറിഞ്ഞ ദിവസം തന്നെ ലാബു വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാമത് ഏതായാലും വീഡിയോ പോസ്റ്റ് ചെയ്ത് ആവേശം കാണിക്കാന്‍ നിന്നില്ല.