കൊല്ലം: രണ്ട് ദിവസത്തെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗത്തെ ഏറ്റെടുത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. പൂര്‍ണമായും ഇംഗ്ലീഷില്‍ നടത്തിയ ആ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ ആവേശം ആ വാക്കുകളിലുണ്ടായിരുന്നു.
രാഹുലിന്റെ വാക്കുകളെ ആവേശം ചോരാതെ ആളിക്കത്തിച്ച് ജനഹൃദയങ്ങളിലെത്തിച്ച മലയാളി ശബ്ദത്തെ തേടുകയായിരുന്നു സോഷ്യല്‍ ലോകം. അതാരെന്ന അന്വേഷണത്തിലായിരുന്നു എല്ലാവരും. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണ് പ്രശംസ ഏറ്റു വാങ്ങുന്ന ആ താരം.
മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലൈവായി കാണിക്കുന്ന സമയത്ത് പരിഭാഷകയുടെ ശബ്ദമല്ലാതെ രൂപം കാണിച്ചിരുന്നില്ല. എന്നാല്‍ ഓരോ വാചകങ്ങളും അവര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ഉയരുന്ന കയ്യടിയും ആവേശവും വീഡിയോയില്‍ വ്യക്തമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറകയ്യടിയാണ് ജ്യോതി വിജയകുമാര്‍ എന്ന പരിഭാഷകയ്ക്ക്.
തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോണ്‍ഗ്രസ് വേദികളിലെ പരിചിത പരിഭാഷക തന്നെയാണ്. ഇതിന് മുമ്പ് 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ നടത്തിയ പ്രസംഗവും പരിഭാഷപ്പെടുത്തി ജ്യോതി കൈയ്യടി വാങ്ങിയിരുന്നു. വൈകാരികമായ സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന് കൃത്യമായ പരിഭാഷാ പ്രസംഗം നിര്‍വ്വഹിച്ച ജ്യോതിയെ അന്ന് സോണിയാ ഗാന്ധി തന്നെ വന്ന് അഭിനന്ദിച്ചിരുന്നു.
രണ്ട് തവണ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കടമ്പ കടന്ന ജ്യോതി പിന്നീട് തനിക്ക് ആ മേഖല വഴങ്ങില്ലെന്ന് മനസ്സിലാക്കി അധ്യാപനം തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍ എന്ന റെക്കോര്‍ഡും ജ്യോതി വിജയകുമാറിനുണ്ട്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി ഇന്ത്യന്‍ എക്സ്പ്രസ് ചെന്നൈയില്‍ ജേര്‍ണലിസ്റ്റായിരുന്നു. ഐടി ഫീല്‍ഡിലും വര്‍ക് ചെയ്തിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പിജിയും എല്‍എല്‍ബിയില്‍ പിജിയുണ്ട്. ജൂനിയര്‍ വക്കീലായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.
അതേസമയം പത്തനാപുരത്തേതു പോലെ പത്തനംതിട്ടയിലെ പരിഭാഷകന് ശോഭിക്കാന്‍ സാധിച്ചില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മുന്‍രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനായിരുന്നു ഇവിടെ പരിഭാഷകന്. രാഹുലിന്റെ പ്രസംഗം സന്ദര്ഭത്തനനുസരിച്ച് തനി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് ജ്യോതിയെ ശ്രദ്ധേയയാക്കിയത്.
Discussion about this post