തിരുവനന്തപുരം: 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്നും എറണാകുളം അമൃത ആശുപത്രിയിലേക്ക് അഞ്ച് മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് എത്തിയത്. 11.15ഓടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കായിരുന്നു ആംബുലന്‍സ് ലക്ഷ്യം വെച്ച് കുതിച്ചിരുന്നത്. എന്നാല്‍, ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ എറണാകുളം അമൃത ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളായ സാനിയ-മിത്താഹ് ദമ്പതികളോട് സംസാരിച്ചാണ് മന്ത്രി തീരുമാനമെടുത്തത്. പൂര്‍ണ്ണ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
അമൃത ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും മന്ത്രിയുടെ നിര്‍ദേശത്തോടെയാണ് തയ്യാറാക്കിയത്. തിരുവനന്തപുരത്തിന് പകരം എറണാകുളത്ത് തന്നെ ചികിത്സ ഉറപ്പാക്കിയതോടെ അഞ്ച് മണിക്കൂറോളം സമയം ലാഭിക്കാനുമായി. അതേസമയം, അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നിലപാടെടുത്തതായി സൂചന. സര്‍ക്കാര്‍ ചിലവില്‍ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് ഇവര്‍ വാശിപിടിച്ചു. എന്നാല്‍ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് മന്ത്രി പറഞ്ഞു. ഒടുവില്‍ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിയുടെ വാക്കുകളിലേക്ക്:
‘ഞാനിപ്പോഴാണ് കാര്യമറിഞ്ഞത്. ഇന്നലെ തന്നെ കുഞ്ഞിനെ വിദഗ്ദ്ധ പരിചരണത്തിന് കോഴിക്കോട് മിംസിലോ, എറണാകുളം അമൃതയിലേക്കോ മാറ്റാമെന്ന് അവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഹൃദ്രോഗം വന്നാല്‍ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്നതാണ് ഈ പദ്ധതി. ഇതുവരെ 1100 ലേറെ കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ ചികിത്സ ലഭ്യമാക്കി. ഇതും ഹൃദ്യത്തില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.’
‘ഈ കുട്ടിയുടെ ചികിത്സ അമൃതയില്‍ നടത്താനുള്ള നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ ആവശ്യമായ സൗകര്യം ഒരുക്കിയത്. കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണ്.’
‘അമൃതയില്‍ കൊണ്ടുപോകാനാണ് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം. ശ്രീചിത്രയില്‍ തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം വാശിപിടിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണ്. എന്നെ സംബന്ധിച്ച്, എന്റെ ഉത്തരവാദിത്വം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കലാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസില്‍ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാല്‍ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ,’ മന്ത്രി പറഞ്ഞു.
‘കുഞ്ഞിന്റെ മാതാപിതാക്കളോട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ഒപ്പമുള്ള നഴ്സിനോട് സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അമൃത ആശുപത്രിയില്‍ ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ പറഞ്ഞു. പിന്നെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ ഒരു നാസര്‍ കാഞ്ഞങ്ങാടുമായും സംസാരിച്ചു. അയാളാണ് ഇതിന്റെ ഇടനിലക്കാരന്‍. അയാളോട് പറഞ്ഞിട്ടുണ്ട് ഇത് റിസ്‌കാണെന്ന്. അമൃതയില്‍ തന്നെ കയറ്റണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ മന്ത്രി വ്യക്തമാക്കി.
Discussion about this post