15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രീചിത്രയിലേക്ക് പറക്കുന്ന അംബുലന്‍സിന്റെ വളയം ഹസ്സന്‍ ദേളിയുടെ കരങ്ങളില്‍; ഹസ്സനിത് രണ്ടാമൂഴം

തിരുവനന്തപുരം: ജനിച്ച് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് തിരിച്ച ആംബുലന്‍സിന്റെ വളയം ഹസ്സന്‍ ദേളിയുടെ കൈയ്യില്‍ സുരക്ഷിതം. KL-60 – J 7739 നമ്പര്‍ ആംബുലന്‍സ് കാസര്‍കോട് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി എന്ന 34 കാരന്റെ കരങ്ങളാലാണ് നിയന്ത്രിക്കപ്പെടുന്നത്. കാസര്‍കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ആംബുലന്‍സില്‍ ഉള്ളത്. സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്.

ഇതാദ്യമായല്ല ഹസ്സന്‍ ദേളി ദീര്‍ഘദൂര യാത്രകള്‍ ഏറ്റെടുക്കുന്നത്. 2017 ഡിസംബര്‍ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസര്‍കോട് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സന്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സന്‍ ദൂരം താണ്ടാനെടുത്തത്. അന്ന് ഒട്ടേറെ അഭിനന്ദനങ്ങളും ഹസ്സനെ തേടിയെത്തിയിരുന്നു.

രാവിലെ 11.15 ഓടെയാണ് മംഗലാപുരത്തു നിന്നും ആംബുലന്‍സ് പുറപ്പെട്ടത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്രയും വേഗത്തില്‍ കുഞ്ഞിനെ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഹസ്സന്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഇടപെടലോടെ കുഞ്ഞിനെ തിരുവനന്തപുരത്തിന് പകരം, എറണാകുളത്ത് തന്നെ ചികിത്സിച്ചേക്കും. അമൃത ആശുപത്രി അധികൃതരുമായി സംസാരിച്ച് ആരോഗ്യമന്ത്രി എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ എല്ലാ ചികിത്സാച്ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ നല്‍കുക.

തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ 15 മണിക്കൂറോളമാണ് സഞ്ചരിക്കേണ്ടി വരിക. അതേസമയം, ചികിത്സ എറണാകുളത്ത് ആയതിനാല്‍, പത്ത് മണിക്കൂറോളം ദൂരം പ്രതീക്ഷിച്ചിരിക്കുന്ന ഇവിടേക്ക് അഞ്ചാമത്തെ മണിക്കൂറിനുള്ളില്‍ തന്നെ ഹസ്സന്‍ ദേളി ആംബുലന്‍സിനെ എത്തിച്ചിരിക്കുകയാണ്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ മുന്നില്‍ നിന്നത് ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകരാണ്. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങളുടെയും സോഷ്യല്‍മീഡിയയുടെയും വലിയ സഹകരണവും ലഭിക്കുന്നുണ്ട്.

Exit mobile version