വിശ്വാസങ്ങളും ആചാരങ്ങളും പ്രകടിപ്പിക്കണം; സംരക്ഷിക്കപ്പെടണം; മോഡിക്ക് പിന്നാലെ ശബരിമലയെന്ന് ഉച്ചരിക്കാതെ വിഷയം അവതരിപ്പിച്ച് രാഹുലും

പത്തനംതിട്ട: ബിജെപിയുടെ മുഖ്യതെരഞ്ഞെടുപ്പ് വിഷയമായ ശബരിമല വിഷയം തന്നെ തെരഞ്ഞെടുപ്പ് വിഷയമാക്കി കോണ്‍ഗ്രസും. എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുതെന്നും രാഹുല്‍ പറഞ്ഞു. ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ നടത്തുന്നതിലോ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസ്സം നില്‍ക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ വിഷയം വിട്ട് കൊടുക്കുന്നെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളതിനാല്‍ തന്നെ ശബരിമലയുടെ പേര് എടുത്ത് പറയാതെയായിരുന്നു രാഹുലിന്റെ പ്രസ്താവന. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രളയത്തിലകപ്പെട്ട ജനങ്ങള്‍ക്ക് വലിയ സഹായം ചെയ്യാനാകുമെന്നും രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞു. മലയാളം തനിക്ക് പൂര്‍ണ്ണമായി പഠിക്കാന്‍ സാധിക്കില്ലെങ്കിലും കുറച്ച് വാക്കുകളൊക്കെ എനിക്ക് പഠിക്കാനാവുമെന്നും കുറച്ചൊക്കെ പഠിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. എല്ലാവര്‍ക്കും വിഷുവും ഈസ്റ്ററും ആശംസിക്കാനും രാഹുല്‍ മറന്നില്ല.
നേരത്തെ, കേരളത്തിലെത്തിയ മോഡിയും ശബരിമലയുടെ പേര് എടുത്തുപറയാതെ വിശ്വാസ സംരക്ഷണത്തെ കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ശബരിമലയുടെ പേര് എടുത്തിടുകയും ചെയ്തിരുന്നു.

Exit mobile version