പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ വെട്ടിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദേശം. സ്ഥാനാര്‍ത്ഥികള്‍ നിര്‍ബന്ധമായും സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ പൂര്‍ണ്ണവിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശമാണ് കെ സുരേന്ദ്രന് പാരയായിരിക്കുന്നത്.
പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തില്‍ വായനക്കാര്‍ ശ്രദ്ധിക്കുന്ന സ്ഥലത്തു മൂന്ന് തവണ പ്രസിദ്ധീകരിച്ച് അതിന്റെ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കാനാണ് നിര്‍ദേശം. ഒരു പ്രധാന ദൃശ്യമാധ്യമത്തിലും മൂന്ന് തവണ പരസ്യം ചെയ്യണം. ദൃശ്യമാധ്യമത്തില്‍ പരസ്യം ഏഴ് സെക്കന്‍ഡ് കാണിക്കണമെന്നാണ് വ്യവസ്ഥ.
ശബരിമല വിഷയത്തിലടക്കം 242 കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട് സുരേന്ദ്രന്. ഈ കേസുകളെ സംബന്ധിച്ച് ഒരു തവണ പരസ്യം ചെയ്യാന്‍ മാത്രം സുരേന്ദ്രന് ചെലവു വരിക 20 ലക്ഷമാണ്. മൂന്ന് തവണ പരസ്യം ചെയ്യാന്‍ 60 ലക്ഷത്തോളവും ചെലവു വരും. ഈ തുകയും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവില്‍ ഉള്‍പ്പെടുന്നതിനാല്‍ സുരേന്ദ്രന് വിയര്‍ക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ ആകെ ചെലവഴിക്കാവുന്ന തുകയായ 75 ലക്ഷം രൂപയുടെ 80 ശതമാനത്തോളം വരും ഈ 60 ലക്ഷം.
അതേസമയം, കേസുകളുടെ വിവരം വെളിപ്പെടുത്തുന്നതില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി വക്താവ് എംഎസ് കുമാര്‍ അറിയിച്ചു. പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ ചെലവിനത്തില്‍ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ കേസിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കി നമ്പര്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post