കൊച്ചി: ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് വില്‍പ്പന തകൃതിയായി നടത്തിയിരുന്ന യുവാവിന് ഒടുവില്‍ പിടിവീണു. സാധാരണ ലിഫ്റ്റടിക്കും പോലെ വഴിയില്‍ കണ്ട ഒരു വ്യക്തിയോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. എന്നാല്‍ അത് എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍വീട്ടില്‍ മാഹിനി (19)നെ കൈയ്യോടെ പിടികൂടുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ്, പോലീസ് തുടങ്ങിയവര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇവയെല്ലാം മറികടന്നാണ് അപരിചിതരായ ഇരുചക്ര വാഹന യാത്രികരെ കരുവാക്കി ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്. ഒടുക്കം ആ അതിബുദ്ധി തന്നെയാണ് യുവാവിനെ കുടുക്കിയതും.
പ്രതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇയാള്‍ ലിഫ്റ്റ് ആവശ്യപ്പെട്ടെത്തിയത് തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ച എക്‌സൈസ് ഷാഡോ സംഘാംഗത്തിന്റെ മുന്നിലായിരുന്നു. ഇതോടെ കാര്യങ്ങള്‍ എല്ലാം തകിടം മറിയുകയായിരുന്നു. പ്രതി വാഹനത്തില്‍ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു, ശേഷം വാഹനമോടിച്ച ഷാഡോ ടീമംഗം വാഹനത്തിന് പ്രശ്‌നമുണ്ടെന്നു പറഞ്ഞ് വാഹനം നിര്‍ത്തി. ശേഷം പ്രതിയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉടന്‍ പട്രോളിങ്ങിലുണ്ടായിരുന്ന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന പ്രതി ശനിയാഴ്ച ദിവസം നാട്ടിലേക്ക് പോകുമ്പോള്‍ കഞ്ചാവ് അവിടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം നടത്തിവരികയായിരുന്നു. നിരവധി തവണ ഇപ്രകാരം കഞ്ചാവ് കടത്തിയതായി പ്രതി എക്‌സൈസിനോട് സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Discussion about this post