പൊന്‍കുന്നം: വീടിന്റെ മച്ച്, അലമാര, ജനാല, പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയ ഇടങ്ങളെല്ലാം മുപ്ലിയം വണ്ടിന്റെ വാസ കേന്ദ്രമാണ്. വണ്ടിന്റെ ശല്യം സഹിക്കവയ്യാതെ വീട് ഒഴിയാന്‍ ഒരുങ്ങുകയാണ് കുടുംബം. വീടുകളില്‍ കടന്ന് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ച വണ്ടുകള്‍ സമാധാനജീവിതം തകര്‍ക്കുകയാണെന്നാണ് കുടുംബം പറയുന്നത്. പൊന്‍കുന്നം ചെറുവള്ളി പടനിലം സീമസദനത്തില് സദാശിവന്‍പിള്ളയും കുടുംബവുമാണ് വണ്ടിന്റെ ശല്യത്തില്‍ വീടൊഴിയുന്നത്.
സദാശിവന്‍പിള്ളയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ഭക്ഷണം കഴിക്കാനോ കിടന്നുറങ്ങാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മേഖലയില്‍ വണ്ട് ശല്യം രൂക്ഷമാണെന്ന് നാട്ടുക്കാരും പറയുന്നു. ആയിരക്കണക്കിന് വണ്ടുകളാണ് വീടിന്റെ നാനാഭാഗങ്ങളിലായി ഉള്ളത്. വീട്ടുകാര്‍ ഇവയെല്ലാം തൂത്തുവാരി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചാലും രാത്രിയാകുന്നതോടെ വണ്ടുകള്‍ വീണ്ടും കൂട്ടത്തോടെ പറന്നെത്തും.
രാത്രിയില്‍ ആഹാരം കഴിക്കാനിരുന്നാല്‍ മുകളില്‍ നിന്ന് വണ്ടുകള്‍ പൊഴിഞ്ഞുവീഴുകയാണ്. വണ്ടിന്റെ ആക്രമണത്തില്‍ ശരീരം മുഴുവന്‍ പൊള്ളലേറ്റ പാടുകളാണ്. മണ്ണെണ്ണ, പെട്രോള്‍ എന്നിവ ഒഴിച്ച് കൊല്ലുകയാണ് നിയന്ത്രണ മാര്‍ഗം. രാത്രിയില്‍ മുറിക്കുള്ളിലെ വെളിച്ചം കെടുത്തി പുറത്ത് വെളിച്ചം നല്കി ഇവയെ വീട്ടിനുള്ളില്‍ നിന്ന് ഒരു പരിധിവരെ അകറ്റാമെന്നും പറയുന്നു. പക്ഷേ പൂര്‍ണ്ണമായി ഇല്ലാതാക്കന്‍ കഴിയുന്നില്ലെന്നാണ് പരാതി.
Discussion about this post