കൊല്ലം: ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് എന്ന മോഡിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോഡിയുടെ അനുയായികളാണ്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാന്‍ ഇവര്‍ ആളെ അയച്ചെന്നും 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോഡി സര്‍ക്കാരാണെന്നും പിണറായി തുറന്നടിച്ചു.
ശബരിമലയില്‍ മോഡിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയില്‍ ആക്രമികളെത്തിയത് മോഡിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും കൂടുതല്‍ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് ആയതിനാലാണ്, തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും പിണറായി ഓര്‍മ്മിപ്പിച്ചു