കൊല്ലം: ഓരോ ബൂത്തിലും ബിജെപിക്ക് എത്ര വോട്ട് കിട്ടും..? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി ആര്‍എസ്എസ് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഞായറാഴ്ചയും 20 നുമാണ് ആര്‍എസ്എസ് കണക്കെടുപ്പ് നടത്തുന്നത്. പെരുപ്പിച്ച കണക്ക് വേണ്ടെന്ന നിര്‍ദേശം തന്നെയാണ് ആദ്യം നല്‍കിയിരിക്കുന്നത്. നൂറുശതമാനം ഉറപ്പായ വോട്ടുകള്‍ എത്രയെന്ന് പറഞ്ഞാല്‍ മതിയെന്നും നിര്‍ദേശം ഉണ്ട്.
മൂന്നുമുന്നണികള്‍ക്കും ലഭിക്കുന്ന ഉറച്ച വോട്ടുകള്‍, അനുഭാവി വോട്ടുകള്‍, ആടിനില്‍ക്കുന്ന വോട്ടുകള്‍, നിഷ്പക്ഷര്‍ എന്നിങ്ങനെ പ്രത്യേകം അറിയിക്കണം. ഏപ്രില്‍ എട്ടിന് ആര്‍എസ്എസ് ബൂത്തുതലത്തില്‍ ആദ്യഘട്ട കണക്കെടുപ്പ് നടത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍കൊണ്ട് എത്രത്തോളം വോട്ട് വര്‍ധിപ്പിക്കാനായി എന്നറിയാനാണ് രണ്ടും മൂന്നും ഘട്ടം. ഇനിയുള്ള ഒമ്പതുദിവസങ്ങളില്‍ ആര്‍എസ്എസ് മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
13 മുതല്‍ 21 വരെ മൂന്നുഘട്ടങ്ങളിലായി വീടുകയറി വോട്ടുതേടും. വൈകുന്നേരങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കണമെന്നും രാത്രിതന്നെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്നും കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. സമാന്തരമായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സംഘം വീടുകളില്‍ക്കയറി ശബരിമല സംഭവം വിശദീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.