കൊച്ചി: ദൈവത്തിന്റെ പേരില്‍ ആര് പ്രചാരണം നടത്തിയാലും നടപടി എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പ്രചാരണവിഷയമാക്കരുത് എന്ന് പറഞ്ഞിട്ടില്ല എന്നും അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കരുത് എന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കെതിരെ ആര് നടപടി എടുത്താലും ഒരു പ്രശ്‌നവും ഇല്ല എന്ന് ടിക്കാറാം മീണ പറഞ്ഞു. ശബരിമല വിഷയങ്ങള്‍ ഉന്നയിച്ച് ശബരിമല കര്‍മ്മ സമിതി നടത്തിവരുന്ന പ്രതിഷേധത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ ശബരിമലയിലെ വിഷയങ്ങള്‍ പ്രശ്‌നമാക്കുന്നത് വിലക്കിയിട്ടില്ല. ഏത് വിഷയം വേണമെങ്കിലും ചര്‍ച്ച ചെയ്യാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉന്നയിക്കാം. ശബരിമലയിലെ കുടിവെള്ള പ്രശ്‌നമോ, റോഡ്, സ്ത്രീ പ്രവേശനം മുതലായവ പ്രചാരണത്തില്‍ ഉള്‍പ്പെടുത്താം. വീണ്ടും വ്യക്തമാക്കുന്നു. എന്നാല്‍ ദൈവത്തിന്റെ പേരിലും, അയ്യപ്പന്റെ പേരിലും, ജാതി മത സമുദായങ്ങളുടെ പേരിലും വോട്ട് പിടിക്കാന്‍ പാടില്ല എന്നാണ്’ ടിക്കാറാം മീണയുടെ വാക്കുകളാണിവ..
എന്‍ഡിഎക്കെതിരെയും യുഡിഎഫിനെതിരേയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്റെ നിലപാട് വ്യക്തക്കിയത്.