ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 52 ലക്ഷം രൂപ തട്ടിയെടുത്ത അക്കൗണ്ടായി ജോലി ചെയ്തിരുന്ന യുവതി അറസ്റ്റില്‍. ആശ്രമം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന നിമ്മി ആന്റണിയെയാണ് (32) നോര്‍ത്ത് പോലീസ് പിടികൂടിയത്. ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. 2017 മേയിലാണ് ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പോലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കിയത്.
സ്ഥാപനം ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി സ്ഥാപനത്തിന്റെ നടത്തിപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ മറവിലായിരുന്നു തട്ടിപ്പ്. ഭാര്യ നിമ്മി ഫീസില്‍ കൃത്രിമം കാണിച്ചാണ് ലക്ഷങ്ങള്‍ തട്ടിയത്.
ഒളിവിലിരുന്നുകൊണ്ട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ദമ്പതികള്‍ ശ്രമിച്ചെങ്കിലും കോടതി തള്ളി. ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം വീണ്ടും തള്ളുകയും ഉടന്‍ കീഴടങ്ങണമെന്നു ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്നാണ് നിമ്മി പിടിലായത്. ആന്റണി വിദേശത്തേക്കു കടന്നെന്നു നോര്‍ത്ത് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഉപാധികളോടെ നിമ്മിക്കു ജാമ്യം അനുവദിച്ചു.
Discussion about this post