ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയ ഒരു പരസ്യമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചൂട് പിടിക്കുന്നത്.
ടിവി ഓണ്‍ ചെയ്ത ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കയറി വരികയായിരുന്നു. ഇതില്‍ അസ്വസ്ഥനാവുന്നത് ദൃശ്യങ്ങളില്‍ പ്രകടമാണ്. തൊട്ടുപിന്നാലെ പ്രകോപിതനായി കമല്ഹാസന് കൈയ്യിലിരുന്ന റിമോര്‍ട്ട് എടുത്ത് ടിവി എറിഞ്ഞ് ഉടയ്ക്കുകയായിരുന്നു. ശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങളും കമല്‍ ചോദിക്കുന്നുണ്ട്.
ചോദ്യങ്ങള്‍ ഇങ്ങനെ;
*തിരുമാനിച്ചു കഴിഞ്ഞോ?
*നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്?
*കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ?
*നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോള്‍ നമ്മളെ അടിച്ചു തകര്‍ത്തവര്‍ക്കോ?
*കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ?
*കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ?
*അല്ലെങ്കില്‍ മാതാപിതാക്കള്‍ പറയുന്നവര്‍ക്കാണോ നിങ്ങള്‍ വോട്ട് ചെയ്യുന്നത്?