തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നെന്ന ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് പാര്‍ട്ടി നേതൃത്വം. ഇതിനായി തരൂരിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ കളത്തിലേക്ക് നേരിട്ട് ഇറങ്ങിയിരിക്കുകയാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍.
തിരുവനന്തപുരത്തെ ഡിസിസി നേതൃത്വവും പ്രവര്‍ത്തകരും തരൂരിന് വേണ്ടി വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവുമായി മുന്‍ ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളിയാണ് ആദ്യം രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ തന്നെ കാലുവാരല്‍ തകൃതിയായി നടക്കുന്നതിനാല്‍ തരൂരിനെ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ തോല്‍പ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കാലു വാരിയ മാന്യന്മാര് തന്നെയാണ് ഇപ്പോഴും പാലം വലിക്കുന്നതെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്ന മുരളി ആരോപിച്ചിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാന്‍ തരൂര്‍ ശ്രമിക്കുമ്പോള്‍ തമ്പാനൂര്‍ രവിയും വിഎസ് ശിവകുമാറുമെല്ലാം മാറി നില്ക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹത്തിന്റെ ആരോപണത്തില്‍ പറഞ്ഞിരുന്നു.
പിന്നാലെ വിമത പ്രവര്‍ത്തനം നടത്തി ബിജെപിക്ക് സഹായകരമാകുന്ന നിലപാട് എടുക്കുന്ന പ്രാദേശിക നേതാക്കളുടെ സ്ഥാനം തെറിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന വാദവുമായാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തിയത്. വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടി ചമച്ചതാണെന്നും ഇത് രാഷ്ട്രീയക്കളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതൃത്വും തനിക്കായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയുമായി ശശി തരൂര്‍ നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ, ശശി തരൂരിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കാണ് പ്രചാരങ്ങളുടെ മുഖ്യ ചുമതല. മുല്ലപ്പള്ളി രാമചന്ദ്രനും എത്തിച്ചേര്‍ന്നിട്ടുണ്ട്. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും തരൂരിനായി കഴിഞ്ഞദിവസം പ്രചാരണ കളത്തിലേക്ക് ഇറങ്ങിയിരുന്നു. വരും നാളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്തെത്തി പാര്‍ട്ടിക്ക് നേരെ ഉയര്‍ന്ന ആക്ഷേപത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുമെന്നാണ് സൂചന.
Discussion about this post