തിരുവനന്തപുരം: ശബരിമല വിഷയം ആയുധമാക്കരുത്, മതപരമായ കാര്യങ്ങള്‍ ബന്ധപ്പെടുത്തി വോട്ട് അഭ്യര്‍ത്ഥിക്കരുത് ഇങ്ങനെ നീളുന്നു തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടങ്ങള്‍. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പറത്തി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. ഇരു കൂട്ടരുടെയും ആയുധം എന്നു പറയുന്നത് തന്നെ ശബരിമലയാണ്. മറ്റൊരു വിഷയങ്ങളും ഉയര്‍ത്തി കാട്ടാന്‍ ഇരു മുന്നണികള്‍ക്കും ഒന്നുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതുകൊണ്ട് തന്നെ ശബരിമല വിഷയം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് സര്‍ക്കാരിനെതിരെ തെറ്റായ വികാരം പ്രചരിപ്പിച്ച് വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാര്‍ട്ടികള്‍.
കഴിഞ്ഞ ദിവസം തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയാണ് ശബരിമല വിഷയം എടുത്തിട്ട് പ്രചാരണം ആരംഭിച്ചത്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ചെറുതല്ല. പെരുമാറ്റച്ചട്ടം ലംഘിച്ചതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് കളക്ടര്‍ ടിവി അനുപമ നോട്ടീസും അയച്ചിരുന്നു. ആരാധിക്കുന്ന ദൈവത്തിന്റെ പേര് പറയാനാകാത്തത് ഗതികേട് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇതിനു പിന്നാലെ കളക്ടര്‍ അനുപമയ്‌ക്കെതിരെ വന്‍ തോതിലാണ് സംഘപരിവാറും ബിജെപിയും ചേര്‍ന്ന് സൈബര്‍ ആക്രമണം നടത്തിയത്.
എന്നാല്‍ കളക്ടര്‍ അനുപമയുടെ നിലപാട് ശരിവെച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കളക്ടറെ പഠിപ്പിക്കേണ്ട എന്ന താക്കീതും നല്‍കിയിരുന്നു. ശേഷം എല്ലാ വിവാദവും കെട്ടടങ്ങി. പക്ഷേ അവിടം കൊണ്ട് ശബരിമല വിഷയം അവസാനിപ്പിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ളവര്‍ മുഖ്യ വിഷയം ശബരിമല തന്നെയാണ് പലവട്ടം ആവര്‍ത്തിച്ചിരുന്നു. ഇതോടൊപ്പം ശബരിമലയെ സംരക്ഷിക്കൂ.. ആചാരം സംരക്ഷിക്കൂ എന്ന തലകെട്ടില്‍ നോട്ടീസുകള്‍ ഇറക്കി വീട് വീടാന്തരം കയറി ഇറങ്ങി ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തെരഞ്ഞെടുപ്പ് അടുത്തെത്തിയ സമയത്ത് ശബരിമല സ്ത്രീപ്രവേശന വിഷയത്തെ പ്രകോപനപരമായ രീതിയില്‍ കൈകാര്യം ചെയ്ത് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം നടത്തുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ച് വിഷയം വീണ്ടും വിവാദമാക്കുന്ന തരത്തിലും വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണവും തകൃതിയായി നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ‘ശബരിമലയെക്കുറിച്ച് മിണ്ടരുതെന്ന് തിട്ടൂരം. ആര്‍ക്കാണ് ശബരിമല പേടിയെന്ന് കേരളം തിരിച്ചു ചോദിക്കുകയാണ്..’ തുടങ്ങിയ തലക്കെട്ടുകളിലും നോട്ടീസ് വിതരണം നടക്കുന്നുണ്ട്.
ബിജെപിക്കൊപ്പം ശബരിമല കര്‍മ്മ സമിതിയും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ നരേന്ദ്ര മോഡി വേദിയില്‍ ഇരിക്കെ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ശബരിമല വിഷയം എടുത്ത് ഇട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. ആര് എതിര്‍ത്താലും ശബരിമല വിഷയം ഉന്നയിക്കുക തന്നെ ചെയ്യുമെന്നാണ് നേതാവ് പറഞ്ഞത്. ആര് എതിര്‍ത്താലും ആചാരവും മറ്റും സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഒപ്പം നിന്ന മറ്റൊരു വിഭാഗമാണ് കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ കിട്ടിയ അവസരം ബിജെപിയുടെ നിലപാടുകള്‍ സ്വീകരിച്ച് ഒപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. പലപ്പോഴും പ്രചാരണത്തിന് ഇടയില്‍ ശബരിമല വിഷയം കോണ്‍ഗ്രസും എടുത്ത് ഇട്ടിട്ടുണ്ട്. കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താനും ശബരിമല വിഷയം പ്രചാരണത്തിന് ഇടയില്‍ ആയുധമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നേതാവിന് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് നോട്ടീസും നല്‍കിയിരുന്നു. ഇതോടൊപ്പം ശബരിമലയിലെ വിശ്വാസം സംരക്ഷിച്ചോ എന്ന ചോദ്യമുണര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം റോഡരികുകളില്‍ വലിയ ഫ്‌ളെക്‌സുകളും നാട്ടിയിട്ടുണ്ട്. ഇതും തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതിന് തുല്യമാണ്.
തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആയുധമാക്കരുതെന്ന് പലവട്ടം ആവര്‍ത്തിക്കുമ്പോഴും ഇരു മുന്നണികളും സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വിശ്വാസം മുതലെടുത്ത് നടത്തുന്ന രാഷ്ട്രീയ കളികള്‍ സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മതവികാരത്തെയാണ് ഇരു മുന്നണികളും രാഷ്ട്രീയമാക്കി മാറ്റുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.