പത്തനംതിട്ട: ചിത്തിര ആട്ടത്തിന് നടതുറക്കുന്ന നവംബര്‍ അഞ്ചിന് ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍. യുവതികള്‍ എത്തിയാല്‍ സുരക്ഷ ഒരുക്കുമെന്നും അതിനായി പോലീസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് നാളെ മുതല്‍ ജില്ലയില്‍ കനത്ത സുരക്ഷയേര്‍പ്പടുത്തിയിട്ടുണ്ട്. ശബരിമലയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ടി നാരാണന്‍ പറഞ്ഞു.
ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന നട ആറാം തീയതി പത്തു മണിക്കാണ് അടയ്ക്കുന്നത്. ഈ 29 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. യുവതികള്‍ എത്തിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടാകാം ഇതെല്ലാം മുന്നില്‍ കണ്ടാണ് പോലീസ് നടപടി.
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് രണ്ട് ദിവസം മുന്‍പേ പോലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകളെ തങ്ങാന്‍ അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞു.
5, 6 തീയതികളില്‍ ശബരിമലയിലെത്തുന്ന യുവതികളെ തടയാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങിയാല്‍ അവരെ ബിജെപി പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു.