‘ശബരിമലയില്‍ പോലീസ് ഗുണ്ടകളായിരുന്നു’; വിവാദത്തോടെ ശോഭാ സുരേന്ദ്രന് വേണ്ടി ക്രീസിലിറങ്ങി ശ്രീശാന്ത്; ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റോഡ് ഷോ

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച് ക്രിക്കറ്ററും ബിജെപി പ്രവര്‍ത്തകനുമായ എസ് ശ്രീശാന്ത്. കനത്തവെയിലും ചൂടും വകവെയ്ക്കാതെ റോഡ് ഷോ നടത്തിയാണ് ശ്രീശാന്ത് സ്ഥാനാര്‍ത്ഥിക്കായി വോട്ട് തേടിയത്. കുണ്ടമണ്‍കടവില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.

ഇടയ്ക്ക് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ വിവാദ പ്രസ്താവന നടത്തിയ ശ്രീശാന്ത് ശബരിമലയില്‍ പോലീസുകാര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്നും ആരോപിച്ചു. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വഴി തെറ്റി വന്നയാളാണെന്നും അദ്ദേഹം പരിഹസിച്ചു.

ശ്രീശാന്തിന്റെ തുറന്നവാഹനത്തിലെ റോഡ് ഷോ കുണ്ടമണ്‍കടവ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി പേയാട്, മലയിന്‍കീഴ്, അന്തിയൂര്‍ക്കോണം വഴി കാട്ടാക്കടയിലേക്ക് തിരിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ശ്രീശാന്ത് വീണ്ടും ബിജെപിക്കായി സജീവ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന ശ്രീശാന്ത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. ആറ്റിങ്ങലിനു പുറമെ, ശ്രീശാന്ത് പത്തനംതിട്ടയിലും തൃശ്ശൂരും മധ്യപ്രദേശിലെ ഇന്‍ഡോറിലും പ്രചാരണത്തിന് ഇറങ്ങും.

Exit mobile version