തിരുവനന്തപുരം: പ്രസവത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മിനിയെ അപകടം എടുത്തപ്പോള്‍ ഭൂമിയിലേയ്ക്ക് വരാനാകാതെ പോയത് രണ്ട് കുരുന്നുകള്‍ കൂടിയായിരുന്നു. ഇതോടെ വീടും നാടും ഒരുപോലെ തേങ്ങി. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു ഭൂമിയിലേയ്ക്ക് വരാതെ മറ്റൊരു ലോകത്തിലേയ്ക്ക് അമ്മയ്ക്കൊപ്പം പോയത്. പ്രസവത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
തിരുവനന്തപുരം പന്നിമല കൂതാളി ഇരിപ്പുവാലി റോഡരികത്ത് വീട്ടില്‍ ഷിബുജോണിന്റെ ഭാര്യയാണ് മിനി(30). ചൊവ്വാഴ്ചയാണ് സംഭവം. മിനിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരുനാട് മുഴുവന്‍ ഒഴുകിയെത്തി. വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് ഷിബു ജോണുള് ഉള്‍പ്പടെ ബന്ധുക്കള്‍ പലരും ബോധരഹിതരായി. ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്.
കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സായിരുന്നു മിനി. നാട്ടില്‍നിന്നു കാരക്കോണം ആശുപത്രിയിലെത്തുന്ന എല്ലാവര്ക്കും സഹായി ആയിരുന്നു മിനി. പ്രസവത്തിനായി പതിനാറിന് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടിയിരുന്നു. പ്രസവാവധിയുടെ കാര്യങ്ങള്‍ ശരിയാക്കാനായി പേരൂര്‍ക്കടയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Discussion about this post