ചങ്ങനാശേരി: പട്ടിണിയില്ലാത്ത ഒരു ലോകമെന്ന സ്വപ്നത്തിലേക്ക് ചുവടുവെയ്ക്കുന്നവര്‍ക്ക് മാതൃകയായി ചങ്ങനാശ്ശേരിയില്‍ ‘അഞ്ചപ്പം’ തുറന്നു. ‘അഞ്ചപ്പം’ എന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന, അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന ഫാ. ബോബി ജോസ് കട്ടികാടിന്റെ ഉദ്യമത്തിന് ആരംഭമായി. ഭക്ഷണത്തോടൊപ്പം അറിവും രുചിയോടെ വിളമ്പും അഞ്ചപ്പത്തില്‍. ഫാ. ബോബി ജോസ് കട്ടികാട് ‘അഞ്ചപ്പ’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കുറച്ചുകൂടി ദരിദ്രരോട് അടുത്താല്‍ നമുക്ക് ഓരോരുത്തര്‍ക്കും ശുദ്ധീകരണം സംഭവിക്കും. അതിനുള്ള ഒരു വേദിയാണ് അഞ്ചപ്പമെന്ന് ഫാ. ബോബി ജോസ് പറഞ്ഞു.
പണം വാങ്ങാന്‍ കൗണ്ടര്‍ പോലുമില്ലാത്ത, വിശക്കുന്ന ആര്‍ക്കും ഒരു മടിയും കൂടാതെ കടന്നു ചെല്ലാവുന്ന ഭക്ഷണശാലയാണിത്. ഭക്ഷണം മതിയാവോളം കഴിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ഇഷ്ടമുള്ള തുക ഭക്ഷണശാലയുടെ പെട്ടിയില്‍ നിക്ഷേപിക്കാം. ഇല്ലെങ്കിലും ആരും ചോദിക്കില്ല, യാതൊരു കുഴപ്പവുമില്ല. ഭക്ഷണം കഴിച്ചു മടങ്ങാം.
സൗജന്യമായി ഭക്ഷണം കഴിച്ചു എന്ന തോന്നല്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് പെട്ടി വച്ചിരിക്കുന്നത്. ഭക്ഷണശാലയില്‍ എത്തുന്നവരോട് ഒരു നിബന്ധനയുണ്ട്. ഭക്ഷണം പാഴാക്കരുത്. 250 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യഘട്ടത്തില്‍ തയാറാക്കുന്നത്. തിരക്കു വര്ധിക്കുന്നതനുസരിച്ചു ഭക്ഷണത്തിന്റെ അളവും കൂട്ടും. ലഭിക്കുന്ന പണം കൂടുതലാണെങ്കില്‍ കറികളുടെ എണ്ണവും കൂട്ടും.
ഒരു ഭക്ഷണശാല മാത്രമല്ല ‘അഞ്ചപ്പം.’ വിഭവങ്ങള്‍ക്കൊപ്പം പുസ്തകങ്ങളും തീന്മേശയില് നിരത്തുന്നുണ്ട്. ആഹാരത്തിനൊപ്പം അറിവും നല്കി മടക്കി അയയ്ക്കാനാണ് ‘അഞ്ചപ്പം’ ലക്ഷ്യമിടുന്നത്. സായാഹ്നങ്ങളില്‍ പുസ്തക നിരൂപണങ്ങളും ചര്‍ച്ചകളും നടത്താനുള്ള വേദിയായി ഭക്ഷണശാല മാറും. പുസ്തകങ്ങള്‍ വായിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും താല്പര്യമുള്ള ആര്‍ക്കും ഇവിടെയെത്താം.
ചങ്ങനാശേരി നഗരസഭാ അധ്യക്ഷന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫുവാദ്, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി പിഎംചന്ദ്രന്, കൗണ്‍സിലര്‍ സാജന് ഫ്രാന്‍സിസ്, വിജിതമ്പി, ബിജു ആന്റണി, മുസമ്മല്‍ ഹാജി, റോബിന് കുര്യന്, ലൂയിസ് ഏബ്രഹാം, പ്രേം സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റ് റോഡിലുള്ള പനച്ചിക്കല്‍ ബില്‍ഡിങ്ങിലാണ് അഞ്ചപ്പം പ്രവര്‍ത്തിക്കുന്നത്.
Discussion about this post