പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം, സുരക്ഷയൊരുക്കാന്‍ 2000 പോലീസുകാര്‍

ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പോലീസ് ഉദ്യേഗസ്ഥരാണ് ജില്ലയില്‍ എത്തി കൊണ്ടിരിക്കുന്നത്.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കോഴിക്കോട് എത്തുന്നത് 2000 പോലീസുദ്യോഗസ്ഥര്‍. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പോലീസ് ഉദ്യേഗസ്ഥരാണ് ജില്ലയില്‍ എത്തികൊണ്ടിരിക്കുന്നത്.

പത്ത് എസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ച് അഡീഷണല്‍ എസ്പിമാര്‍, 30 ഡിവൈഎസ്പിമാര്‍, 100 സിഐമാര്‍, 1700 പോലീസ് ഉദ്യോഗസ്ഥര്‍, 150 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സുരക്ഷക്കെത്തുന്നത്.

ഹൂബ്ലിയില്‍ നിന്നും വൈകുന്നേരം 6.10 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 6.40 ഓടെ ബീച്ചിലെത്തും. ബീച്ചിലെ പരിപാടിക്ക് ശേഷം 7.30ന് മധുരയിലേക്ക് തിരിക്കും.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്‍ഡിഎ നേതാക്കളുടെ പ്രത്യേക പരിപാടിക്കാണ് കോഴിക്കോട് കടപ്പുറത്ത് പ്രധാന മന്ത്രിയെത്തുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍ഡിഎ നേതാക്കളെയും സ്ഥാനാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് വിപുലമായ പരിപാടിക്കാണ് എന്‍ഡിഎ നേതൃത്വം വെള്ളിയാഴ്ച ലക്ഷ്യമിടുന്നത്.

Exit mobile version