തൊടുപുഴ: ‘ഈ ചൂരല്‍ വെച്ചാണ് അവനെ തല്ലിയിരുന്നത്’ പ്രതി അരുണ്‍ ആനന്ദ് കൂസലില്ലാതെ പറഞ്ഞപ്പോള്‍ അമ്പരന്നത് പോലീസ് ആയിരുന്നു. ഏഴു വയസുകാരനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയിട്ടും യാതൊരു ഭാവവ്യത്യാസവും അരുണിന് ഉണ്ടായിരുന്നില്ല. തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിന് എത്തിച്ചതായിരുന്നു അരുണിനെ.
കുമാരമംഗലത്തുള്ള വാടകവീട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡും സംഘവും അരുണിനെ തെളിവെടുപ്പിന് എത്തിച്ചത്. കുട്ടികളെ മര്‍ദ്ദിച്ച മുറിയുടെ മൂലയില്‍ നിന്നാണ് ചൂരല്‍ കിട്ടിയത്. അതിന്റെ അറ്റം ഒടിഞ്ഞിരുന്നു. കൂട്ടത്തില്‍ ഒരു കമ്പിയും കിട്ടി. അത് വ്യായാമം ചെയ്യാനുള്ളതാണെന്നാണ് അരുണ്‍ ആനന്ദ് പറഞ്ഞത്. മുറിയിലെ ചാക്കും ആല്‍ബവും കുട്ടികളുടെ പുസ്തകങ്ങളുമെല്ലാം പരിശോധിച്ചു. ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ജയിലിലേക്ക് തന്നെ മടക്കി അയച്ചു. നിലവില്‍ അരുണ്‍ ഇപ്പോള്‍ മുട്ടം ജയിലിലാണ് കഴിയുന്നത്.
സഹതടവുകാരില്‍ നിന്നു ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയും ഇളയ കുട്ടിയും കുടുംബശ്രീക്കു കീഴിലുള്ള ‘സ്നേഹിത’യുടെ ഇടുക്കിയിലെ സംരക്ഷണ കേന്ദ്രത്തിലാണ്. രണ്ടു കുട്ടികളെ മാത്രമല്ല, അവരുടെ അമ്മയായ യുവതിയെയും അരുണ്‍ ആനന്ദ് ആക്രമിച്ചിരുന്നതായി പോലീസ് അറിയിച്ചിരുന്നു.
Discussion about this post