തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് കാണിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ല; ശശി തരൂര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് കാണിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇത്തവണ കൂടുതല്‍ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. അതിനാല്‍ കൂടുതല്‍ ശക്തമായ പ്രചാരണം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും തരൂര്‍ വ്യക്തമാക്കി.

പ്രചാരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കുമെന്നും, അവസാന റൗണ്ടിലാണ് കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുകയെന്നും ശശി തരൂര്‍ വ്യക്തമാക്കി.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജ്ജീവമല്ലെന്ന് കാണിച്ച് ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ജില്ലയിലെ നേതാകള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മെല്ലെപ്പോക്കിന് പിന്നില്‍ വിഎസ് ശിവകുമാര്‍ എംഎല്‍എയാണെന്ന് മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരുന്നു. തുടര്‍ന്ന് വിഎസ് ശിവകുമാര്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version