വര്‍ക്കല: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സ്വീകരണമൊരുക്കാന്‍ കത്തിച്ച പടക്കത്തില്‍ നിന്ന് തീപ്പൊരി തെറിച്ച് വീണ് വാഴത്തോട്ടം കത്തിനശിച്ചു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന് എത്തിയതോടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് സ്വീകരിക്കുകയായിരുന്നു.
ഇതിനിടയില്‍ തീപ്പൊരി പാറിയത് സമീപത്തെ ഉണങ്ങി നിന്ന വാഴത്തോട്ടത്തില്‍ വന്ന് പതിക്കുകയായിരുന്നു. ശേഷം അവിടെ തീപിടിക്കുകയും ചെയ്തു. സമീപത്തെ ഗോഡൗണിലേയ്ക്ക് പടരുമോ എന്നായിരുന്നു ആശങ്ക. അതിനു മുന്‍പേ തീയണയ്ക്കാന്‍ സാധിച്ചു. ഇതോടെ വലിയ ദുരന്തമാണ് ഒഴിഞ്ഞു പോയത്. തച്ചന്‍കോണത്ത് നല്കിയ സ്വീകരത്തിനിടെയാണ് അണികള്‍ പടക്കം പൊട്ടിച്ചത്.
ക്ഷേത്ര പുരയിടത്തിലെ ഉണങ്ങിക്കിടന്ന വാഴത്തോട്ടമാണ് തീപ്പൊരി വന്ന് വീണ് നാമവശേഷമായത്. സ്വീകരണം കഴിഞ്ഞ് സ്ഥാനാര്‍ത്ഥിയും അണികളും മടങ്ങിയതോടെ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കുകയായിരുന്നു.
Discussion about this post