വിശപ്പിന്റെ കത്തല്‍ അടങ്ങാതെയുള്ള ഗോപികയുടെ നിലവിളിയില്‍ പൊള്ളി ബിന്ദുവും ഭര്‍ത്താവും; കൂലിപ്പണിയെടുത്തും വീട് വിറ്റും ചികിത്സിച്ചിട്ടും ഫലമില്ല; കണ്ണീരോടെ സുമനസുകളുടെ സഹായം തേടി ഈ കുടുംബം

ബിന്ദുവിന്റെ മകള്‍ പതിനാലുകാരിയായ ഗോപിക അമിത വിശപ്പിന്റെ അസുഖത്താല്‍ ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടിയാണ്.

പൊന്നാനി: മകളുടെ വിശന്നുള്ള കരച്ചില്‍ ഇവരുടെ നെഞ്ചില്‍ തീയാണ്. പകലും രാത്രിയിലും വിശന്ന് മകള്‍ കരയുമ്പോള്‍ ഒരു വറ്റുപോലും ബാക്കി കാണില്ല അവള്‍ക്ക് എടുത്ത് നല്‍കാന്‍. എങ്കിലും അവസാന ശ്രമമെന്ന നിലയില്‍ അയല്‍വീടുകളില്‍ സഹായം തേടും എങ്ങനെയെങ്കിലും വിശപ്പൊന്ന് ശമിപ്പിക്കാന്‍. ഒരു നേരം പോലും ഭക്ഷണം കഴിക്കാതെ ബിന്ദുവും രോഗിയായ അച്ചന്‍ ബിജുവും മകളെ ഊട്ടികൊണ്ടിരിക്കും, എങ്കിലും അല്‍പ്പ സമയം കഴിഞ്ഞാല്‍ ഗോപിക വീണ്ടും കരയും വിശപ്പടങ്ങാതെ.

എരമംഗലം ചെരിവുകലയില്‍ ബിന്ദുവിന്റെ മകള്‍ പതിനാലുകാരിയായ ഗോപിക അമിത വിശപ്പിന്റെ അസുഖത്താല്‍ ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടിയാണ്. രണ്ടാംവയസിലാണ് തുടക്കം. അമ്മ ബിന്ദു ആലപ്പുഴയിലെ സ്വന്തം വീടുവിറ്റ് ചികിത്സിച്ചിട്ടും, ഏറെ ഭക്ഷണം നല്‍കിയിട്ടും രക്ഷയുണ്ടായില്ല.

ഇപ്പോള്‍ 115 കിലോഗ്രാം ഭാരമുണ്ട് കുട്ടിക്ക്. ഒപ്പം ഓട്ടിസത്തിന്റെ അസ്വസ്ഥതകളും. ശരീരത്തിന്റെ പലഭാഗത്തും മുറിവുകള്‍ വന്നുതുടങ്ങി. ചൂടുകാലമാകുമ്പോള്‍ വേദന ഇരട്ടിയാകും.

മകളെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിനിടെ 6 വര്‍ഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വീണുപോയതാണ് അച്ഛന്‍ ബിജു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഏറെ കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് എഴുന്നേറ്റ് നടക്കാവുന്ന സ്ഥിതിയിലെത്തിയപ്പോള്‍ ലോട്ടറി വില്‍പ്പനയ്ക്കിറങ്ങി. വഴിയില്‍ തലകറങ്ങി വീഴുന്നത് പതിവായതോടെ അതുനിര്‍ത്തേണ്ടി വന്നു. കഴിയുംപോലെ പലജോലികള്‍ക്കു ശ്രമിച്ചെങ്കിലും എല്ലാ തവണയും പരാജയമേറ്റുവാങ്ങേണ്ടി വന്നു.

ഇപ്പോള്‍ 200 രൂപ ദിവസവാടക നല്‍കി ഒരു ഓട്ടോ ഓടിക്കുകയാണ്. ഇപ്പോള്‍ താമസിക്കുന്ന വാടക വീടാകട്ടെ വൈകാതെ ഒഴിയേണ്ടി വരും. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത ഗോപികയ്ക്ക് സാധ്യമായ സഹായമെത്തിക്കുന്നത് പൊന്നാനി യുആര്‍സിയിലെ ഐഇഡിസി റിസോഴ്‌സ് പഴ്‌സണ്‍ പ്രീതയുടെ നേതൃത്വത്തിലാണ്.

നിത്യവൃത്തിക്ക് പോലും പണമില്ലാത്ത ഈ ദരിദ്രകുടുംബത്തിന് മകളുടെ തുടര്‍ ചികിത്സമാത്രമല്ല, തലചായ്ക്കാനൊരു കൂരയും വലിയ സ്വപ്‌നമാണ്. മകളുടെ ചികിത്സയ്ക്കായി വീട് വിറ്റതോടെ കുടുംബം സൗകര്യങ്ങളൊന്നുമില്ലാത്ത ഒറ്റമുറി വാടകവീട്ടിലാണ് താമസിക്കുന്നത്. നിലംപൊത്താറായ ഈ കൂരയില്‍ രോഗികളായ രണ്ടുപേരും ബിന്ദുവും ദിനങ്ങള്‍ തള്ളി നീക്കുന്നത് ഏറെ അരക്ഷിതമായ അവസ്ഥയിലാണ്. വൃത്തിയും സുരക്ഷിതവുമുള്ള മൂന്നു സെന്റിലോ മറ്റോ നിര്‍മ്മിച്ച ഒരു കൊച്ചു കൂര പോലും ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ക്കും ഏറെ അകലെയാണ്.

ഇനി ഗോപികയ്ക്കും കുടുംബത്തിനും താങ്ങാകാനുംഈ കുടുംബത്തിന്റെ ശോച്യാവസ്ഥയില്‍ നിന്നും മോചനം നേടാനും സുമനസുകള്‍ കനിഞ്ഞേ തീരൂ. നന്മയുള്ളവരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഇവര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ധന്യ ആബിദ് (സോഷ്യല്‍ കൗണ്‍സിലര്‍)
ഫോണ്‍: 9539722220

സഹായങ്ങള്‍ നല്‍കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

ബിന്ദു
പഞ്ചാബ് നാഷണല്‍ ബാങ്ക് എരമംഗലം ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍: 4270001700030255
ഐഎഫ്‌സി കോഡ്: PUNB0427000
ഫോണ്‍: 9895203820

Exit mobile version